2024 ജനുവരി 11, വ്യാഴാഴ്‌ച

ശൈഖുനാ കൈപറ്റ ബീരാൻകുട്ടി മുസ്‌ലിയാർ

ഇരുപതാം നൂറ്റാണ്ടിൽ കേരളം ദർശിച്ച പണ്ഡിതരിൽ പ്രധാനിയായിരുന്നു ശൈഖുനാ കൈപറ്റ ബീരാൻകുട്ടി മുസ്‌ലിയാർ. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ സുലൈമാൻ ഉസ്താദ്, ബാഖിയാത് മുദരിസായിരുന്ന ഒ കെ അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാർ, മർകസ് മുദരിസുമാരായിരുന്ന കെ എസ് മുഹമ്മദ് മുസ്‌ലിയാർ, വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ, നിബ്റാസുൽ ഉലമ എ കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങി ഒട്ടനേകം ശിഷ്യഗണങ്ങളുടെ ഗുരുവര്യർ.

1898/ഹി.1317ൽ കോട്ടക്കലിനടുത്ത കൈപ്പറ്റയിലായിരുന്നു ശൈഖുനായുടെ ജനനം. ഇമ്മിണിക്കടവത്ത് അവറുട്ടി എന്ന അബ്ദുറഹ്മാൻ കുട്ടി അധികാരി, തച്ചുമ്മ എന്നിവരാണ് മാതാപിതാക്കൾ. കൈപ്പറ്റയിലും വേങ്ങര കുറ്റാളൂരിലുമായിരുന്നു പ്രാഥമിക പഠനം. അൽമൻളുമതുദുരിയ്യ ഫീ അസാമി സാദതിൽ ബദ് രിയ്യ എന്ന ബദ്ർ ബൈതിന്റെ രചയിതാവും സമസ്ത സ്ഥാപക കാല മുശാവറ അംഗവുമായ കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാർ, പുന്നയൂർക്കുളം ഉപ്പങ്ങൽ വാപ്പുട്ടി മുസ്‌ലിയാർ, മൗലാനാ മുഹമ്മദ് മദാർ ആലിം സാഹിബ്, മൗലാനാ യൂസുഫ് ആലിം സാഹിബ്, ചെറുശ്ശോല സയ്യിദ് അലവിക്കോയ തങ്ങൾ, കോടഞ്ചേരി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, ശംസുൽ ഹഖ് കാശ്മീരി തുടങ്ങിയവർക്ക് കീഴിലായിരുന്നു പഠനം.  

പറപ്പൂർ വടക്കുമുറി, കൊളപ്പുറം, പടന്നയ, കായംകുളം ഹസനിയ്യ, പൊന്മള, കാനാഞ്ചേരി, തളിപ്പറമ്പു ഖുവ്വതുൽ ഇസ്‌ലാം കോളേജ്, പൊന്മുണ്ടം, ഇരുമ്പുചോല എന്നിവിടങ്ങളിലായിരുന്നു കൈപ്പറ്റ ഉസ്താദ് അധ്യാപന ജീവിതം നയിച്ചത്. അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ഉസ്താദിന് തഫ്സീർ, ഹദീസ്,
ഫിഖ്ഹ്‌, ഉസൂലുൽ ഫിഖ്ഹ്‌, ഗോളശാസ്ത്രം, ജ്യാമിതീയം, ചരിത്രം, ഗണിതം, അൽജിബ്ര, ഭൂമിശാസ്ത്രം, ഫിലോസഫി, ലോജിക്ക് തുടങ്ങിയ വിഷയങ്ങളിൽ അഗാധജ്ഞാമുണ്ടായിരുന്നു. 

മികച്ച ഒരു സാഹിത്യകാരൻ കൂടിയായിരുന്നു. രിസാലതു തൻബീഹ്, അൽ വറഖാത്, മാദാ വളീഫതുൽ ഫുഖഹാ, രിസാലതുൽ മാറദീനി വ്യാഖ്യാനം, മജ്മൂഉൽ ഫവാഇദ് തുടങ്ങിയ ഗ്രന്ഥങ്ങൾ ശൈഖുനായുടെ അനർഘ സംഭാവനകളാണ്. ഹി.1408/1988 ജുമാദൽ ഉഖ്റാ 17നായിരുന്നു വിയോഗം. സഹോദരങ്ങളെ, അവിടുത്തെ വഫാതിന്റെ ദിവസമാണിന്ന്. എല്ലാവരും അവിടുത്തെ പേരിൽ ഒരു ഫാതിഹയും യാസീനും ഓതി ഹദ് യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തോടൊപ്പം സ്വർഗീയ ലോകത്ത് ഒരുമിച്ചുകൂടാൻ നമുക്കും തൗഫീഖ് നൽകട്ടെ....

********************************************

പൂർവ്വകാല പണ്ഡിതമഹത്തുക്കളുടേതിനു സമാനമായ സ്വഭാവസവിശേഷതകളെമ്പാടും മേളിച്ച അടുത്ത കാലത്തൊന്നും സമാനതകളില്ലാത്ത അത്യുന്നത പണ്ഡിതനാണു ശൈഖുനാ അഹഖ്ഖുൽ മുഹഖിഖീൻ കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ. സർവ്വ വിജ്ഞാനങ്ങളുടെയും ആഴംകണ്ട ജ്ഞാനി, പ്രസിദ്ധ മുദരിസ്, ലോകപ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവ്, സൂഫി തുടങ്ങിയ അനേകം നിലകളിലായി ആ ധന്യജീവിതം വ്യാപരിച്ചു കിടക്കുന്നു. കാലഘട്ടത്തിൽ അതുല്യനെന്നും അസാമാന്യനെന്നും അർത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹത്തെ വിശേഷിപ്പിക്കാം.

ഹിജ്‌റ 1317, കൃസ്താബ്ദം 1898 ൽ കൈപ്പറ്റയിൽ ജനനം. പ്രദേശത്തെ സമ്പന്നനും അധികാരിയും ദീനീസ്നേഹിയുമായ ഉമ്മിണിക്കടവത്ത് അവറുട്ടിയാണു പിതാവ്. മാതാവു മറ്റത്തൂർ കടമ്പോട്ടു കുഞ്ഞഹമ്മദ് എന്നവരുടെ മകൾ താച്ചുമ്മ.

ഓത്തുപള്ളിയിൽ നിന്നാണു പഠനം ആരംഭിക്കുന്നത്. കൈപ്പറ്റ തോട്ടുങ്ങൽ മരക്കാർ മൊല്ലയായിരുന്നു ഗുരു. അനന്തരം കൈപ്പറ്റ ഉമ്മിണിക്കടവു പള്ളിയിൽ പഠനം തുടർന്നു. മറ്റത്തൂർ കൂനാരി പേഴുംതറ അഹ്‌മദു മുസ്‌ലിയാർ ആയിരുന്നു അദ്ധ്യാപകൻ.

ദർസിൽ പഠിക്കുന്നതിനിടെ പിതാവ് ഏർപ്പാടാക്കിയ ഒരു ഹിന്ദു സഹോദരനിൽ നിന്നും വീട്ടിൽ വെച്ചു മലയാളം പഠിച്ചു. പിന്നീടു കുറ്റാളൂർ മാപ്പിള ലോവർ പ്രൈമറി സ്‌കൂളിൽ ചേർന്നു. നാലാം ക്ലാസ്സുവരെ അവിടെ പഠിച്ചു. ബ്രിട്ടീഷുകാർക്കെതിരെയുള്ള മലബാർ സമരത്തിന്റെ അലയൊലികൾ ആഞ്ഞടിച്ചതോടെ സ്കൂൾ പഠനം പാതിവഴിയിൽ മുറിഞ്ഞുപോയി.

പിന്നീട് അറിവുതേടി വിവിധ ദർസുകളിലേക്കും ഗുരുവര്യരിലേക്കുമുള്ള നിരന്തര യാത്രകളായിരുന്നു. കോഡൂർ പള്ളിയിൽ രണ്ടുവർഷത്തോളം പഠനം നടത്തി. തിരൂരങ്ങാടി കാത്തിബു മുഹമ്മദു കുട്ടി മൗലവിയും കടവത്തൂർ അഹ്‌മദു കുട്ടി മൗലവിയുമായിരുന്നു അവിടുത്തെ ഉസ്താദുമാർ. പിന്നീട് അല്ഫിയ ഉൾപ്പെടെയുള്ള കിതാബുകൾ കൈപ്പറ്റ കരിമ്പനക്കൽ മുഹമ്മദു കുട്ടി മുസ്‌ലിയാരുടെ ക്ലാരി ദർസിൽ നിന്നും പഠിച്ചു. അനന്തരം കോടഞ്ചേരിയിലെ ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്‌ലിയാരുടെ ദർസിൽ വിദ്യനുകർന്നു. പിന്നീടു കൈപ്പറ്റയിലെ ചെറുശ്ശോല കുഞ്ഞീൻ മുസ്‌ലിയാരുടെ ദർസിലാണ് എത്തിയത്. അതിനിടെ മദ്രാസിലെ ജമാലിയ്യ കോളേജിലേക്കു മുദരിസായി ക്ഷണിക്കപ്പെട്ട കുഞ്ഞീൻ മുസ്‌ലിയാർ അങ്ങോട്ടു പോയപ്പോൾ വിദ്യാർത്ഥിയായ ഉസ്താദും അദ്ദേഹത്തെ അനുഗമിച്ചു.

മുഹമ്മദ്‌ മദാർ ആലിം സാഹിബ്, യൂസുഫ് ആലിം സാഹിബ്, ചെറുശ്ശോല സയ്യിദ് അലവി ബുഖാരി തുടങ്ങിയവർ കുഞ്ഞീൻ മുസ്‌ലിയാർക്കു പുറമെ അവിടുത്തെ ഗുരുനാഥന്മാർ ആയിരുന്നു. ഫറോക്കു കോളേജിന്റെ സ്ഥാപകനായ അബുസ്സ്വബാഹു മൗലവി സഹപാഠിയായിരുന്നു. മദ്രാസിൽ നിന്നും മടങ്ങിയെത്തിയ ഉസ്താദു കൊളപ്പുറം ജുമുഅത്തു പള്ളിയിലെ കോടഞ്ചേരി ഫഖീഹു കുഞ്ഞിമുഹമ്മദു മുസ്‌ലിയാരുടെ ദർസിൽ പഠിച്ചു. തുഹ്ഫയുടെ മുഖദ്ധിമ പഠിക്കലായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം. ശംസുൽ ഉലമാ ഖുതുബി മുഹമ്മദു മുസ്‌ലിയാർ വാഴക്കാടു ദാറുൽ ഉലൂമിൽ മുദരിസായി വരുന്നതറിഞ്ഞ ഉസ്താദ് അവിടെയെത്തി. വാഴക്കാടു മുതൽ നാദാപുരം വരെയുള്ള പത്തുവർഷത്തോളം നീണ്ടുനിന്ന ഈ പഠനത്തോടെയാണ് ഉസ്താദ് അത്യുന്നത ജ്ഞാനിയായി മാറുന്നത്. ഖുതുബി ഉസ്താദിനു പുറമെ ബൈത്തല അഹ്‌മദു കുട്ടി മുസ്‌ലിയാർ, ചാലിയപ്പുറം വലിയ മമ്മദു കുട്ടി മുസ്‌ലിയാർ, കണ്ണിയത്ത് അഹ്‌മദു മുസ്‌ലിയാർ എന്നിവരും വാഴക്കാടു വച്ച് ഉസ്താദിന്റെ ഗുരുവര്യരാണ്. സ്വദഖതുല്ലാഹി മുസ്‌ലിയാർ, കണ്ണിയത്ത് അഹ്‌മദു മുസ്‌ലിയാർ തുടങ്ങിയ പ്രസിദ്ധരായ പണ്ഡിതർ വാഴക്കാട്ടെ സഹപാഠികളായിരുന്നു.

മൗലാനാ ചാലിലകത്തു കുഞ്ഞഹമ്മദു ഹാജി, ആയഞ്ചേരി തറക്കണ്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതരിൽ നിന്നും ചില ഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ട്. ഓരോ വിഷയങ്ങളും അതാതിൽ അഗ്രഗണ്യരായ പണ്ഡിതരുടെ അടുക്കൽ പോയി പഠിക്കുന്ന ശൈലിയായിരുന്നു ഉസ്താദിന്റേത്. ഗുരുനാഥന്മാരുടെ മൊഴികൾ അപ്പടി രേഖപ്പെടുത്തിയും മനനം ചെയ്തും ആഴത്തിൽ പഠിച്ചെടുക്കുന്ന രീതി.

പറപ്പൂർ വടക്കുമുറി പള്ളിയിലായിരുന്നു ആദ്യദർസ്. പിന്നീട് കൊളപ്പുറം പള്ളിയിലെത്തി. ഇതിനിടയിൽ പള്ളിയുടെ പണിയുമായി ബന്ധപ്പെട്ടു ദർസിനു ബുദ്ധിമുട്ടുണ്ടായപ്പോൾ കണ്ണിയത്ത് അഹ്‌മദു മുസ്‌ലിയാരുടെ പറമ്പത്തു ദർസിൽ പഠനം നടത്തി. പിന്നീട് ദർസിലെ മുതിർന്ന വിദ്യാർത്ഥിയായ കൈപ്പറ്റ പറമ്പിൽ കുഞ്ഞിസൂപ്പി മുസ്‌ലിയാരെ ദർസേൽപിച്ചു ഹദീസ് പഠനത്തിനായി ഡാഭേൽ ജാമിഅ തഅലീമുദ്ദീനിലേക്കു പുറപ്പെട്ട ഉസ്താദ് അവിടെ നിന്നും ശംസുൽ ഹഖ് അഫ്ഗാനിയുടെ ശിഷ്യത്വം നേടി. പിന്നീട് ഖുതുബി ഉസ്താദിന്റെ നിർദ്ദേശപ്രകാരം പടന്നയിലും തുടർന്നു കായംകുളം ഹസനിയ്യ കോളേജിലും ദർസു നടത്തി. പൊന്മള, കാനാഞ്ചേരി, തളിപ്പറമ്പു ഖുവ്വതുൽ ഇസ്‌ലാം കോളേജ് എന്നിവിടങ്ങളിലും ദർസു തുടർന്നു. പൊന്മുണ്ടം പള്ളിയിലെ മൂന്നുവർഷത്തെ സേവനത്തിനു ശേഷം ഇരുമ്പുചോലയിലെ സേവനം ആരംഭിച്ചു. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നിമിത്തം ദർസ് അവസാനിപ്പിക്കുന്നതു വരെ രണ്ടു പതിറ്റാണ്ടോളം ഇരുമ്പുചോലയിൽ തുടർന്നു.

ധാരാളം പണ്ഡിത മഹത്തുക്കളെ വാർത്തെടുക്കാൻ ഉസ്താദിനു സാധിച്ചു. സയ്യിദ് അബ്ദുൽ ഖഹ്‌ഹാർ ശിഹാബുദ്ദീൻ മുദരിസു പൂക്കോയ തങ്ങൾ പാണക്കാട്, സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ രാമന്തളി, പൂവ്വാടൻ മൊയ്തീൻ മുസ്‌ലിയാർ പൊന്മള, വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ, ചെറുശ്ശോല ബീരാൻ കുട്ടി മുസ്‌ലിയാർ, ഇ. സുലൈമാൻ മുസ്‌ലിയാർ ചെങ്ങാനി, ഇന്ത്യനൂർ മുഹമ്മദു മുസ്‌ലിയാർ, പികെപി അബ്ദുസ്സലാം മുസ്‌ലിയാർ, കൈപ്പറ്റ പറമ്പിൽ കുഞ്ഞിസൂപ്പി മുസ്‌ലിയാർ, പാനായിക്കുളം അബ്ദുറഹ്മാൻ ഹസ്രത്, ഒകെ അബ്ദുറഹ്മാൻ ഹസ്രത്, എകെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, വല്ലപ്പുഴ ഉണ്ണീൻ കുട്ടി മുസ്‌ലിയാർ, കുട്ടശ്ശേരി സഈദു മുസ്‌ലിയാർ, കെകെ ഹുസൈൻ മുസ്‌ലിയാർ തരിയോട്, ആദൃശ്ശേരി മുഹമ്മദു മുസ്‌ലിയാർ, കൈപ്പറ്റ കരിമ്പനക്കൽ മുഹമ്മദു മുസ്‌ലിയാർ തുടങ്ങിയവർ ശിഷ്യരിൽ പ്രധാനികളാണ്.

സാങ്കേതിക പദങ്ങളുടെ വിശദീകരണവും മഹല്ലിയിൽ പരാമർശിക്കപ്പെട്ട ഇമാമുകളുടെ ചരിത്രവും ഉൾകൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള രിസാലതു തൻബീഹ് ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട രചനയാണ്. പുറമെ, മദ്ഹബ്, ഇജ്തിഹാദ് എന്നിവ പ്രമേയമാകുന്ന മാദാ വളീഫത്തുൽ ഫുഖഹാ, ഖുർആനിൽ പരാമർശിക്കപ്പെട്ട ഇരുപത്തഞ്ചു നബിമാരുടെ ചരിത്രം ആധികാരികവും ആക്കാദമികവുമായി അവതരിപ്പിക്കുന്ന അൽവറഖാത്ത്, ധാരാളം അറിവുകൾ ഉൾകൊള്ളുന്ന മജ്മൂഉൽ ഫവാഇദിശ്ശത്താ, മൗലാനാ ചാലിലകത്തു കുഞ്ഞഹമ്മദു ഹാജി രചിച്ച ഖിബ്ല, നിസ്കാരസമയ നിർണ്ണയ ശാസ്ത്രത്തിലെ രിസാലത്തുൽ ഹിസാബിന്റെ ബുർഹാനുകൾ ഉൾകൊള്ളുന്ന ബറാഹീനു രിസാല, ജോഗ്രഫി അഥവാ ഭൗമശാസ്ത്രം പ്രതിപാദിക്കുന്ന അൽ ജഗ്രാഫിയ്യതുൽ ഹദീസത്തുൽ ജാമിഅ എന്നിവയും രചിച്ചിട്ടുണ്ട്. ഇവകളെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പുറമെ ധാരാളം ഗ്രന്ഥങ്ങൾക്ക് അതിബ്രഹത്തായ വ്യാഖ്യാനക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. പലതും പ്രസിദ്ധീകൃതമാണ്.

സദാസമയവും വിജ്ഞാനത്തിലായി ജീവിതം ചെലവഴിച്ച മഹാത്മാവായിരുന്നു ബീരാൻ കുട്ടി മുസ്‌ലിയാർ. നിസ്കാരം പോലുള്ള നിർബന്ധകർമ്മങ്ങളും ഖുർആൻ പാരായണം ഉൾപ്പെടെയുള്ള ഐച്ഛിക കർമ്മങ്ങളും ഖാദിരിയ്യാ ത്വരീഖത്തിന്റെ വളീഫകളും ഒഴിച്ചുനിറുത്തിയാൽ ഗ്രന്ഥപാരായണം, അധ്യാപനം, രചന, ഗവേഷണം തുടങ്ങിയവയിലല്ലാതെ മുഴുകുമായിരുന്നില്ല. അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഉന്നതമായ പാണ്ഡിത്യം നേടിയിരുന്നു. അറബിക്കു പുറമെ ഇംഗ്ലീഷ്, ഉറുദു ഭാഷകൾ തന്റെ വിദ്യാർത്ഥികൾക്ക് അധ്യാപനം ചെയ്തിരുന്നു. ഗോളശാസ്ത്രം, ജ്യാമിതീയം, ചരിത്രം, ഗണിതം, അൽജിബ്ര, ഭൂമിശാസ്ത്രം, ഫിലോസഫി, ലോജിക്ക് തുടങ്ങി ഒട്ടുമിക്ക ഭൗതികവും ബൌദ്ധികവുമായ വിജ്ഞാനങ്ങളെല്ലാം സ്വായത്തമാക്കിയിരുന്നു. ഫിഖ്ഹ്‌, ഉസൂലുൽ ഫിഖ്ഹ്‌, ഹദീസ് തുടങ്ങി നാനാവിധ മതകീയ വിഷയങ്ങളിലും സമകാലികരെ കവച്ചുവയ്ക്കുന്ന പാണ്ഡിത്യം നേടിയിരുന്നു.

പൊതുപ്രവർത്തനത്തിൽ തല്പരനല്ലാതിരുന്ന മഹാൻ പ്രശസ്തിയുടെ എല്ലാ മേഖലകളിൽ നിന്നും ഓടിയൊളിച്ചു. സമസ്തയിൽ അംഗമല്ലാതിരുന്ന അദ്ദേഹം തന്റെ ഗുരുവര്യരുടെ സംഘടനയെന്ന നിലയിൽ അതിനോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ആശയാദർശങ്ങളിൽ സമസ്തയുടെ പാതയിൽ ജീവിച്ചു. സുന്നീ ആദർശവിഷയങ്ങൾ ക്ലാസുകളിൽ ഇടക്കിടെ ഊന്നിപ്പറയുകയും തെളിവുകൾ വിവരിച്ചു സമർത്ഥിക്കുകയും ചെയ്തിരുന്നു. മദ്ഹബു വിരോധികളും സ്വയം മുജ്തഹിദുവാദികളുമായ പുത്തൻ പ്രസ്ഥാനക്കാർക്കെതിരെ ശബ്ദിക്കുന്ന മാദാ വളീഫത്തുൽ ഫുഖഹാ എന്ന ഗ്രന്ഥം തന്നെ ഉസ്താദിന്റെ ആദർശധീരത കുറിക്കുന്നതാണ്. തന്റെ ഗുരുവായ ഖുതുബി ഉസ്താദിന് ഒരു അസ്മാഉൽ ഹുസ്നാ റാത്തീബ് ഉണ്ടെന്നും ആവശ്യപൂർത്തീകരണത്തിന്റെ കാര്യത്തിൽ അത് അനുഭവസിദ്ധമാണെന്നും രിസാലതു തൻബീഹിന്റെ അവസാനത്തിൽ രേഖപ്പെടുത്തിയതു കാണാം. സുന്നീ പണ്ഡിതരോടു ബന്ധം പുലർത്തുകയും അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുകയും വൈജ്ഞാനിക സഹായങ്ങൾ നല്കുകയും ചെയ്തിരുന്നു. തന്റെ ഗുരുവും പിന്നീട് വഹാബി നേതാവുമായ കെഎം മൗലവി ഉൾപ്പെടെയുള്ള പുത്തൻവാദികളോടു കടുത്ത വെറുപ്പു വച്ചുപുലർത്തിയിരുന്നു. കെഎം മൗലവിയുടെ സലാം മടക്കേണ്ടി വരുമെന്നു ഭയന്നു തിരൂരങ്ങാടി വഴിയുള്ള യാത്രകൾ തന്നെ മഹാൻ ഒഴിവാക്കിയിരുന്നു. ഇരുമ്പുചോലയിൽ ദർസു നടത്തുന്ന കാലത്ത് ഇടക്കെല്ലാം മമ്പുറം മഖാമ് സന്ദർശിക്കാറുണ്ടായിരുന്നു.

ഊരകം യാറംപടിയിലെ മർഹൂം പാങ്ങാട്ടു മമ്മദു ഹാജിയുടെ മകൾ താവിയായിരുന്നു ഭാര്യ. മർഹൂം അവറുട്ടി ഹാജിയാണ് ഏകസന്താനം. ഹിജ്‌റ 1408 ജുമാദൽ ഉഖ്റാ 17, 1988 ഫെബ്രുവരി 05 വെള്ളിയാഴ്ച ഉച്ചക്കു 02: 30 നാണു വഫാത്ത്. അനേകം പണ്ഡിതമഹത്തുക്കളുടെ സാന്നിധ്യത്തിൽ ഉമ്മിണിക്കടവത്തു പള്ളിയുടെ കിഴക്കുവശത്തു മഹാനെ ഖബ്റടക്കി.

വൈലത്തൂർ ബാവ മുസ്‌ലിയാർ ഉസ്താദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന മർസിയതു രചിച്ചിട്ടുണ്ട്. മിൻ നവാബിഗി ഉലമാഇ മലൈബാർ എന്ന പേരിൽ സയ്യിദ് അബ്ദുറഹ്മാൻ അസ്ഹരി തങ്ങൾ രചിച്ച അറബി ജീവചരിത്രഗ്രന്ഥം കുവൈത്തിൽ നിന്നാണു പുറത്തിറങ്ങിയത്. ഖബസാതുൻ ശത്താ മിൻ ഹയാതി ശൈഖിനാ കൈപ്പറ്റ എന്നപേരിൽ വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ അറബി ഭാഷയിൽ രചിച്ച ജീവചരിത്രം കോഴിക്കോടു നിന്നും ഇയ്യിടെ പുറത്തിറങ്ങി. ശൈഖുനാ കൈപ്പറ്റ സ്മരണിക മലയാളത്തിൽ ഉസ്താദിനെ പരിചയപ്പെടുത്തുന്ന ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ്. അല്ലാഹു അവരുടെ അറിവുകൊണ്ടു നമ്മിൽ ഉപകാരം നല്കട്ടെ.

 _ശംവീൽ അഹ്സനി ഇരുമ്പുചോല_

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...