2024 ജനുവരി 11, വ്യാഴാഴ്‌ച

മൗലാനാ അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ (ന.മ)

”എടാ… കളവ് പറയാനാണോ 
നിനക്ക് ഞാന്‍ മുഹമ്മദ് എന്ന് പേരിട്ടത്?”
പിതാവിന്റെ ചോദ്യത്തിന് മുന്നിൽ ആ എട്ടു വയസ്സുകാരൻ പതറി. പറ്റിക്കാൻ പറഞ്ഞതായിരുന്നില്ല, തമാശക്കിടയിൽ അറിയാതെ പറഞ്ഞുപോയതാണ്. അതിത്രയും വലിയ പാതകമാവുമെന്ന് നിനച്ചതുമല്ല.
"ഇല്ല ഉപ്പാ, ഞാനിനി ഒരിക്കലും കളവ് പറയില്ല"
തെല്ല് ഭയത്തോടെ മുറിഞ്ഞ വാക്കുകളിൽ ആ കുഞ്ഞുബാലൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. അതൊരു വെറും വാക്കായിരുന്നില്ല, മരണം വരെയും ജീവിതമാകുന്ന ധർമസമരത്തിൽ കാത്തുസൂക്ഷിച്ച ദൃഢപ്രതിജ്ഞയായിരുന്നു. 
'ഇല്ല, അതിന് ശേഷം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'. 

നാലു പതിറ്റാണ്ടു കാലം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷ- ഉപാധ്യക്ഷ സ്ഥാനങ്ങൾ അലങ്കരിച്ച മൗലാനാ അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാരു(ന.മ)ടെതാണീ വാക്കുകൾ. തന്റെ ജീവിതം മാത്രമല്ല, കോടിക്കണക്കിന് രൂപവരുന്ന സമ്പത്തും സാമുദായിക പുരോഗതിക്ക് സമർപ്പിച്ചവരായിരുന്നു അവർ. ഒരു നിയോഗമായിരുന്നു സമസ്തയിലേക്കുള്ള മൗലാനയുടെ ആഗമനം. പിതൃസന്നിധിയിൽ 
പാങ്ങിൽ ഉസ്താദടക്കമുള്ള പണ്ഡിത നേതൃത്വം സമസ്ത രൂപീകരണത്തിന് ആശിർവാദം വാങ്ങാൻ പിതാവ് ശൈഖുൽ കബീർ ഖ്വാജാ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സന്നിധിയിലെത്തിയതാണ്. ഖാദിരി, രിഫാഈ ത്വരീഖതുകളിൽ പാങ്ങിൽ ഉസ്താദിന്റെ ശൈഖാണ് അഹ്മദ് കുട്ടി മുസ്‌ലിയാർ. "എന്റെ ദുആയും പൂർണ്ണ പിന്തുണയും സംഘടനക്കുണ്ടാവും. പ്രവർത്തനത്തിനായി ഞാൻ മകൻ മുഹമ്മദിനേയും സമർപ്പിക്കാം". ഇതായിരുന്നു തദവസരത്തിലെ മഹാനവർകളുടെ പ്രതികരണം. അങ്ങനെയാണ് വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ സമസ്ത മുശാവറയിലെത്തുന്നത്.

ഹി.1298 ജമാദുൽ ആഖിർ 22ന് ഖ്വാജാ അഹ്മദ് കുട്ടി മുസ്‌ലിയാർ ഫാത്വിമ ദമ്പതികളുടെ മകനായാണ് 'മോല്യാരുപ്പാപ്പ' ജനിക്കുന്നത്. നാദാപുരം ശൈഖ് അഹ്മദ് ശീറാസി, കോടഞ്ചേരി അഹമ്മദ് മുസ്‌ലിയാർ, പൊന്നാനി ചെറിയ അവറാൻ കുട്ടി മുസ്‌ലിയാർ, വെല്ലൂർ ബാഖിയാതുസ്വാലിഹാത്ത് സ്ഥാപകൻ ശംസുൽ ഉലമ ശാഹ് അബ്ദുൽ വഹാബ് ഹസ്റത്(റ), ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്റത്ത് തുടങ്ങിയവരായിരുന്നു ഉസ്താദുമാർ. ബാഖിയാത്തിൽ നിന്നും ബിരുദം നേടിയ ആദ്യകാല ബാഖവികളിൽ ഒരാളായിരുന്നു മൗലാന. ശാഹ് അബ്ദുൽ വഹാബ് ഹസ്റത്(റ)വിന്റെ ഇഷ്ട ശിഷ്യരിൽ ഒരാളായിരുന്നു. ഹസ്റത്താണ് മൗലാനക്ക് അബ്ദുൽ ബാരി എന്ന സ്ഥാനപ്പേര് നൽകിയത്. 

സൂക്ഷമ ശാലിയും സമ്പത്ത് മുഴുവനും ദീനീ മാർഗത്തിൽ ചെലവഴിച്ചവരുമായിരുന്നു മൗലാനാ അബുൽഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസ്‌ലിയാർ(ന.മ). 
തികഞ്ഞ സൂഫീവര്യനായ മൗലാന നിരവധി ത്വരീഖതുകളുടെ ശൈഖായിരുന്നു. നാട്ടിലും പരിസരത്തും പാമ്പ് കടിയേറ്റാൽ അദ്യം ഓടിവരാറ് മോല്യേര്പ്പാപ്പയുടെ സമീപത്തേക്കായിരുന്നു. അവർ മന്ത്രിച്ചു വിഷമിറങ്ങിയ ഒട്ടനവധി സംഭവങ്ങൾ ഇന്നും ആളുകൾ അയവിറക്കാറുണ്ട്. കൂടാതെ നിരവധി കറാമത്തുകൾ പ്രകടപ്പിച്ച ഉപ്പാപ്പ അനേകം ശിഷ്യ സമ്പത്തിനുടമയാണ്. 
അസ്മാഉൽ ബദ്ർ ചൊല്ലി ദുആ ചെയ്യുക അവിടുത്തെ പതിവായിരുന്നു. പെരിമ്പലം വി. മുഹമ്മദ് മുസ്‌ലിയാർ രചിച്ച ബദ് രിയത്തുൽ ഹംസിയ്യയുടെ അവതാരികയിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ബദ് രിയ്യത്തുൽ ഹംസിയ്യ ചൊല്ലാൻ അവിടുന്ന് നിർദേശിക്കുന്നത് കാണാം. 

സ്വിഹാഹു ശൈശഖൈനി, ജംഉൽ ബാരി, ഫത്ഹുൽ ബാരി, അൽ മൻകൂസ് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും അൽബയാൻ അടക്കമുള്ള സമകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിയ നിരവധി ലേഖനങ്ങളും മൗലാനയുടേതായുണ്ട്. 
ഹി. 1385 ജമാദുൽ ഊല രണ്ടിനായിരുന്നു അവിടുത്തെ വഫാത്. സ്വന്തമായി നിർമിച്ച മസ്ജിദുൽ ബാരിയുടെ ചാരത്താണ് അന്ത്യവിശ്രമം. 
അല്ലാഹു, മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാരുടെ ദറജ വർധിപ്പിക്കട്ടെ....
മഹാന്മാരായ പണ്ഡിത മഹത്തുക്കളെ ഇഷ്ടം വെച്ചതിന്റെ ബറകത് കൊണ്ട് അല്ലാഹു നമ്മെ എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...