2024 ജനുവരി 11, വ്യാഴാഴ്‌ച

ഇമാം ഗസാലി(റ)

ബഗ്ദാദിൽ നിന്ന് സ്വൂഫിജീവിത വഴിയിൽ ആകൃഷ്ടരായി ഡമസ്കസിലെത്തിയതാണ് ആ ജ്ഞാനിവര്യൻ. ഏതാനും നാളുകൾ കഴിഞ്ഞതേയുള്ളൂ. അപ്പോഴാണ് അവിടെ ഒരു പ്രഭാഷണ വേദിയൊരുങ്ങുന്നത്. വിജ്ഞാനത്തോടുള്ള അടങ്ങാത്ത ആർത്തി കാരണം അവിടുന്ന് ആ സദസിലെത്തി. ഒട്ടും
ആകർഷണീയമല്ലാത്ത വേഷമാണ് അണിഞ്ഞിരിക്കുന്നത്. കാഴ്ചയിൽ ഒരു ദരിദ്രനാണെന്നേ തോന്നുകയുള്ളൂ. 

വേദിയിൽ പ്രഭാഷകൻ ഉപവിഷ്ഠനായി. പ്രാസമൊപ്പിച്ച വാക്കുകളിൽ അദ്ധേഹം സംസാരമാരംഭിച്ചു. ഇമാം ഗസാലി(റ)യുടെ മഹത്വമാണ് പ്രമേയം. പ്രഭാഷകൻ ശ്രവണ സുന്ദരമായ വാക്കുകളിൽ ഇമാം ഗസാലി(റ)യെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
ഉടൻ തെല്ലൊരു ആശങ്കയോടെ ആ ജ്ഞാനിവര്യൻ സദസിൽ നിന്നെഴുന്നേറ്റു. തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാലോ?. അത് തന്റെ സുഗമമായ സഞ്ചാരത്തിനും ആരാധനാ കർമങ്ങൾക്കും തടസമാകില്ലേ?. അതായിരുന്നു ആ മനസ്സിലെ ചിന്ത. തുടർന്ന് അവിടുന്ന് ബൈതുൽ മുഖദ്ദസ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഏറെക്കാലം ആരാരുമറിയാതെ അവിടെ ആരാധനയും എഴുത്തുമായി കഴിഞ്ഞു.

ഹുജ്ജതുൽ ഇസ്‌ലാം ഇമാം അബൂഹാമിദിൽ ഗസാലി(റ)ന്റെ ജീവചരിത്രത്തിലെ ഒരു ഇതളാണിത്. ലോകം ദർശിച്ച അത്യപൂർവ്വം പ്രതിഭകളിൽ ഒരാളാണ് ഇമാമവർകൾ. ഇന്നും ലോകമൊന്നടങ്കം വായിച്ചുകൊണ്ടിരിക്കുന്ന അഞ്ഞൂറോളം രചനകളുടെ ഉടമ. അറിവിന്റെ നിറസാഗരം. ഒരിക്കൽ യാത്രക്കിടെ കൊള്ളസംഘം അവിടുത്തെ കുറിപ്പുകൾ സൂക്ഷിച്ച സഞ്ചി അപഹരിച്ചു. ദുഖിതനായ ഇമാം കൊള്ളത്തലവനോട് ഇപ്രകാരം പറഞ്ഞു: ആ സഞ്ചിയിലുള്ളത് കാലങ്ങളായി ഞാൻ കുറിച്ചെടുത്ത കാര്യങ്ങളാണ്. നിങ്ങൾക്ക് അവ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാനിടയില്ല. അതെനിക്ക് തിരികെ നൽകിക്കൂടേ". 

വിചിത്രമായിരുന്നു കൊള്ളത്തലവന്റെ പ്രതികരണം. "ഈ കുറിപ്പുകളിലാണോ നിങ്ങൾ അറിവുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് എത് സമയവും നഷ്ടപ്പെടാൻ സാധ്യതയില്ലേ. വിജ്ഞാനം സൂക്ഷിക്കേണ്ടത് ഹൃദയത്തിലാണ്". പറഞ്ഞത് കൊള്ളക്കാരനെങ്കിലും വലിയ ഒരു പരിവർത്തനമാണ് ഈ വാക്കുകൾ ഇമാമിന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്. ജന്മനാട്ടിലെത്തിയ ഇമാം അവയെല്ലാം ഹൃദിസ്ഥമാക്കി. തുടർന്ന് മനപാഠമാക്കിയല്ലാതെ ഒരു കുറിപ്പും എഴുതിവെച്ചിരുന്നില്ല. 

ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദാണ് ഇമാം ഗസാലി(റ). ഇറാനിലെ ത്വൂസ് നഗരത്തിൽ ഹി. 450/എ.ഡി. 1058ലാണ് ജനനം. ദരിദ്രമായിരുന്നു അവിടുത്തെ കുടുംബ പശ്ചാതലം. മരണവേളയിൽ പിതാവ് മുഹമ്മദ്(റ) സുഹൃത്തായ ഒരു സ്വൂഫിവര്യന്റെ കരങ്ങളിൽ ഏൽപ്പിച്ച ഏതാനും നാണയത്തുട്ടുകൾ മാത്രമായിരുന്നു അതിജീവനത്തിന് ഉണ്ടായിരുന്നത്. അവ തീർന്നപ്പോൾ ഓത്തുപള്ളിയിൽ ചേർന്നു. "ഞാന്‍ പഠനമാരംഭിച്ചപ്പോള്‍ ലക്ഷ്യം അല്ലാഹുവായിരുന്നില്ല; പക്ഷേ, അറിവ് പിന്നീട് എന്നെ ആ ലക്ഷ്യത്തിലേക്കെത്തിക്കുകയായിരുന്നു" എന്നാണ് മഹാനവർകൾ അതേകുറിച്ച് പറഞ്ഞത്. ഇമാമുൽ ഹറമൈനി(റ)യാണ് അവിടുത്തെ ഗുരുനാഥൻ. ശിഷ്യന്റെ അത്ഭുതകരമായ വളർച്ചയെ ഗുരുതന്നെ പലപ്പോഴും പുകഴ്ത്തിയത് ചരിത്രത്തിൽ കാണാം. 

സൽജൂകി ഭരണകൂടത്തിലെ മന്ത്രിയായിരുന്ന നിളാമുൽ മുൽകുമായുള്ള സംഗമത്തിലൂടെയാണ് ഇമാം ഗസാലി(റ)യുടെ കീർത്തി പരക്കുന്നത്. അദ്ദേഹം മദ്റസ നിസാമിയയിലെ പ്രധാന ഉസ്താദായി ഇമാമവർകളെ നിയമിച്ചു. അപ്പോൾ 34 വയസായിരുന്നു അവിടുത്തെ പ്രായം. നാലുവർഷമാണ് അവിടെ സേവനമനുഷ്ഠിച്ചത്. ശേഷം തസവ്വുഫിന്റെ രാജപാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. അക്കാലയളവിൽ ഇറാഖ്, സിറിയ, ഫലസ്തീൻ, ഈജിപ്ത്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലൂടെ നിരന്തര യാത്രകൾ നടത്തി. ഇഹ്‌യാ ഉലൂമിദ്ദീൻ അടക്കമുള്ള നിരവധി വിശ്രുതമായ ഗ്രന്ഥങ്ങൾ വിരചിതമായത് അവിടുത്തെ ഇത്തരം ദേശാടനങ്ങൾക്കിടയിലായിരുന്നു. 

ശാഫിഈ മദ്ഹബിലെ ഇന്ന് ലോകം ആശ്രയിക്കുന്ന ഗ്രന്ഥങ്ങളെല്ലാം മഹാനവർകളുടെ ഗ്രന്ഥങ്ങൾ വികസിപ്പിച്ചതോ സംഗ്രഹിച്ചതോ ആണെന്ന് പറയാം. ഫിഖ്ഹിൽ മാത്രമല്ല മിക്ക വിജ്ഞാനശാഖകളിലും അവിടുത്തെ സർഗാത്മക ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അവയുടെ എണ്ണം അഞ്ഞൂറിനടുത്തു വരുമെന്നാണ് പണ്ഡിത അഭിപ്രായം. ഹിജ്റ 505/AD 1111 ജമാദുൽ ആഖിർ 14നായിരുന്നു അവിടുത്തെ വിയോഗം. ജന്മനാട്ടിൽ വെച്ച് ഖിബ്‌ലക്ക് തിരിഞ്ഞു കിടന്ന് അല്ലാഹുവിലേക്ക് ഞാനിതാ മടങ്ങുന്നു എന്ന് പറഞ്ഞാണ് അവിടുന്ന് ഈ ലോകത്തോട് യാത്രയായത്. സഹോദരങ്ങളെ അവിടുത്തെ ആണ്ടിന്റെ ദിവസമാണിന്ന്. നമുക്കേറെ കടപ്പെട്ടവരാണവർ. അമ്പത്തിനാല് വയസ് മാത്രമാണ് ആയുസ്കാലമെങ്കിലും അവിടുന്ന് നൽകിയ സംഭാവനകൾ അനർഘങ്ങളാണ്. എല്ലാവരും അവിടുത്തെ പേരിൽ ഒരു ഫാതിഹയെങ്കിലും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ മദദ് കൊണ്ടനുഗ്രഹിക്കപ്പെടുന്നവരിൽ നാം ഏവരെയും ഉൾപ്പെടുത്തട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...