2024 ജനുവരി 11, വ്യാഴാഴ്‌ച

പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്‌ലിയാർ.

"താങ്കളിവിടെ പ്രസംഗിക്കാൻ പാടില്ല"
കോഴിക്കോട് ഡെപ്യൂട്ടി കളക്ടറുടെ ഉത്തരവ്. അതും പാങ്ങിൽ ഉസ്താദിനെതിരെ. തിരൂരങ്ങാടിയില്‍ പ്രഭാഷണത്തിന് എത്തിയതായിരുന്നു ഉസ്താദ്. 

"എന്താണ് പ്രശ്നം?"
വിവരമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. "ഞങ്ങൾക്ക് ലഭിച്ച പരാതി പ്രകാരം മലബാര്‍ കലാപത്തിലെ പ്രതിയാണ് അദ്ദേഹം. ഇനിയും ലഹള ഉണ്ടാക്കാനുള്ള പുറപ്പാട് അനുവദിക്കാനാകില്ല".

എങ്കിൽ ആരാണ് പരാതിക്കാരെന്നായി സുന്നികൾ. ഉദ്യോഗസ്ഥർ ഒരു ഭീമൻ ഹരജി ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. അപ്പോഴാണ് അവർക്ക് കാര്യത്തിന്റെ ഗൗരവം മനസിലായത്. സംഗതി സലഫികൾ പറ്റിച്ചതാണ്. പാങ്ങിൽ ഉസ്താദിനെതിരെ അവരാരും ഒപ്പിട്ടു നൽകിയിരുന്നില്ല. പകരം മമ്പുറം മഖാമിലേക്ക് പാലം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ജനങ്ങൾ ഒപ്പു വെച്ചത്!. 

ഹരജിയുടെ വിഷയം മാറ്റിയാണ് സലഫികൾ ഈ ചതിയൊപ്പിച്ചത്. സത്യാവസ്ഥ ബോധ്യപ്പെട്ട കലക്ടര്‍ പാങ്ങിൽ ഉസ്താദിന്റെ പ്രഭാഷണത്തിന് അനുമതി നൽകി. പുത്തൻവാദികളുടെ തനിനിറം തുറന്നു കാട്ടി തിരൂരങ്ങാടിയിൽ ഉസ്താദ് അതിഗംഭീരമായി പ്രസംഗിക്കുകയും ചെയ്തു!!.

അതെ, നവീന വാദികൾക്കെതിരെ സജീവമായി പോരാടുകയും സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകുകയും ചെയ്ത മഹാമനീഷിയായിരുന്നു പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്‌ലിയാർ. 
സമസ്ത പ്രസിഡൻന്റ് സെക്രട്ടറി സ്ഥാനങ്ങൾ അലങ്കരിച്ച മഹദ് വ്യക്തിത്വം, താജുൽ വസാഇൽ എന്ന ബദരിയ്യത്ത് കാവ്യം ഉൾപ്പെടെ ഇരുപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവ്, അൽബയാൻ അറബി മലയാള മാസികയുടെ സ്ഥാപകനും പത്രാധിപരും, നിരവധി കറാമതുകൾക്കുടമ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾക്കർഹനാണ് പാങ്ങിൽ അവർകൾ. 

മാലിക് ബ്നു ദീനാറി(റ)ന്റെ കൂടെ ഇസ്‌ലാമിക പ്രചരണാർത്ഥം കേരളത്തിലെത്തിയ മാലിക് ബ്നു ഹബീബിന്റെ സന്താന പരമ്പരയിൽ നൂറുദ്ധീൻ എന്നവരുടെ മകനായാണ് ഉസ്താദിന്റെ ജനനം. വിശുദ്ധ ഹറമിൽ മുദരിസായി സേവനമനുഷ്ഠിച്ച കട്ടിലശ്ശേരി ആലി മുസ്‌ലിയാർ, കരിമ്പനക്കൽ അഹ്മദ് മുസ്‌ലിയാർ തുടങ്ങിയ വിശ്രുത പണ്ഡിതന്മാരിൽ നിന്നാണ് അറിവ് നുകർന്നത്. 

വേലൂർ ബാഖിയാത്ത്, ലത്വീഫിയ്യ അറബിക്കോളേജുകളിൽ ഉപരി പഠനം നടത്തിയിട്ടുണ്ട്. ബാഖിയാത് സ്ഥാപകൻ ശാഹ് അബ്ദുൽവഹാബ് ഹസ്റത്, ഹസ്റത് അബ്ദുൽ ഖാദിർ ശാഹ് ബാദ്ഷാ, അബ്ദുൽ ജബ്ബാർ ഹസ്റത്, മുഹമ്മദ് ഹുസൈൻഖാൻ, അബ്ദുൽറഹീം ഹസ്റത് തുടങ്ങി മഹാപ്രതിഭകളായിരുന്നു വെല്ലൂരിലെ ഉസ്താദുമാർ.  

പാങ്ങ്, മണ്ണാർക്കാട് മഅ്ദനുൽ ഉലൂം, പടന്ന,താനൂർ വലിയകുളങ്ങര പള്ളി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അധ്യാപനജീവിതം നയിച്ചത്. ബിദഇകളുടെ കടന്നുകയറ്റമുണ്ടായപ്പോൾ അതിനെ ചെറുത്തു തോൽപ്പിച്ച മുന്നണിപ്പോരാളിയായിരുന്നു ഉസ്താദ്. ഖിലാഫത് പ്രസ്ഥാനത്തിൽ സജീവമായിരുന്നു.
സമസ്തക്ക് കീഴിൽ ആദ്യത്തെ അറബിക്കോളേജായ താനൂർ ഇസ്‌ലാഹുൽ ഉലൂം ആരംഭിച്ചത് പാങ്ങിൽ ഉസ്താദാണ്. 

അരിപ്ര മുഹമ്മദ് മുസ്‌ലിയാർ, പള്ളിപ്പുറം അബ്ദുൽഖാദിർ മുസ്‌ലിയാർ, തൂതക്കൽ മുഹമ്മദ് മുസ്‌ലിയാർ, അലനെല്ലൂർ കുഞ്ഞലവി മുസ്‌ലിയാർ, കാപ്പ്കുളപ്പറംബ് കുട്ടിഹസ്സൻ ബാഖവി, ഇരിംപാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാർ തുടങ്ങിയ അനേകം ശിഷ്യഗണങ്ങളും ഉസ്താദിനുണ്ട്.
 

ഹി.1365 ദുൽഹജ്ജ് 25/1949 നവംബർ19 നാണ് മഹാനവർകൾ ഇഹലോക വാസം വെടിഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...