2024 ജനുവരി 11, വ്യാഴാഴ്‌ച

*അഹ്മദ് കോയ ശാലിയാത്തി(റ); _ആധുനിക ഗസാലി_


 ഇസ്‌ലാമിക ചരിത്രം അടിയാളപ്പെടുത്തിയ അഗ്രേസരരായ മഹാപണ്ഡിതരുടെ ഗണത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന നാമമാണ് അഹ്മദ് കോയ ശാലിയാത്തിയുടെത്. ജ്ഞാന സമഗ്രത, രചനാവൈപുല്യം, ആത്മീയചിന്ത, അപൂര്‍വ്വമായ ധിഷണ, ആദര്‍ശ ദൃഢത തുടങ്ങിയ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ശാലിയാത്തിയെ ആധുനിക ഗസാലി എന്നാണ് മഹാുണ്ഡിതര്‍ വിശേഷിപ്പിച്ചത്.

 കോഴിക്കോട് കോയമരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്‌ലിയാര്‍-ചാലിയം നേപ്പാളത്ത് കുട്ടിഹസന്‍ എന്നവരുടെ പുത്രി ഫരീദ ദമ്പതികളുടെ മകനായി ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ഹിജ്‌റ 1302 ജമാദുല്‍ ആഖിര്‍ 22-നാണ് ജനനം. പിതാവില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ശേഷം ഖിലാഫത്ത് സമര നായകന്‍ ആലി മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് മദ്രാസില്‍ ശംസുല്‍ ഉലമാ മുഫ്തി മഹ്മൂദിന്റെ പാഠശാലയിലെത്തി. അനന്തരം വെല്ലൂര്‍ ലത്വീഫിയ്യ കോളേജില്‍ ഉപരി പഠനത്തിനായി ചേര്‍ന്നു. വിദ്യാര്‍ത്ഥിയായിരിക്കെ ലത്വീഫിയ്യയിലെ ദാറുല്‍ ഇഫ്താഇലെ അംഗമായും മുദരിസായും നിയമിച്ചു.

 ലത്വീഫിയ്യയില്‍ നിന്നും പിരിഞ്ഞ ശേഷം തമിഴ്‌നാട് തിരുനേല്‍വേലി പേട്ടയിലെ രിയാളുല്‍ ജിനാന്‍ കോളേജില്‍ മുദരിസായി സേവനം ചെയ്തു. ഗുരുനാഥന്‍മാരുടെ ക്ഷണപ്രകാരം വീണ്ടും ലത്വീഫിയ്യയിലെത്തുകയും പ്രിന്‍സിപ്പാള്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. ഹിജ്‌റ 1331-ല്‍ ആലി മുസ്‌ലിയാര്‍ ഹജ്ജിനു പോയ അവസരത്തില്‍ തിരൂരങ്ങാടിയിലെ ദര്‍സ് താല്‍ക്കാലികമായി നിര്‍വ്വഹിച്ചു. അഞ്ചു വര്‍ഷം കൊടിയത്തൂരില്‍ സേവനം ചെയ്ത ശേഷം വീണ്ടും ലത്വീഫിയ്യയില്‍ എത്തി. ശേഷം നാഗൂരിലും ദര്‍സ് നടത്തുകയും ശൈഖ് മുഫ്തി ഉബൈദുല്ലാഹില്‍ മദ്‌റാസിയുടെ ക്ഷണമനുസരിച്ച് ബദുക്കലിലേക്ക് നീങ്ങുകയും ചെയ്തു. പ്രമേഹരോഗം ബാധിച്ചതോടെയാണ് അവിടെ നിന്നും വിശ്രമജീവിതത്തിനായി നാട്ടിലേക്ക് തിരിച്ചത്.

 സര്‍വ്വവിജ്ഞാനശാഖകളിലും പ്രാഗത്ഭ്യം നേടിയ ശാലിയാത്തി ഹിജ്‌റ 1345-ല്‍ ഹൈദരാബാദിലെ നൈസാമിന്റെ മുഫ്തിയായി നിയമിക്കപ്പെട്ടു. നാലുമദ്ഹബുകളിലും അദ്ദേഹം ഫത്‌വ നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഫത്‌വാ സമാഹാരം ഫതാവല്‍ അസ്ഹരിയ്യ എന്ന പേരില്‍ പ്രസിദ്ധമാണ്. അറുപതിലധികം കനപ്പെട്ട രചനകള്‍ നടത്തുകയും നാല്‍പ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അമൂല്യങ്ങളായ ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ ശേഖരിച്ച് അസ്ഹരിയ്യ കുതുബ്ഖാനയും സ്ഥാപിച്ചു. 

 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക നേതാക്കളിലൊരാളാണ് ശാലിയാത്തി. 1933-ല്‍ ഫറോക്കില്‍ നടന്ന സമസ്ത സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു. അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന അദ്ദേഹത്തിന്റെ ആദര്‍ശധീരത സമസ്തയുടെ രൂപീകരണത്തിനും വളര്‍ച്ചക്കും ഏറെ മുതല്‍ക്കൂട്ടായി. അഹമ്മദ് റസാഖാൻ ബറേൽവിയുടെ ഖലീഫമാരിൽ ഒരാളായിരുന്നു. 

 ഹി. 1374 മുഹറം 27-നായിരുന്നു വിയോഗം. ചാലിയം പൂതാറമ്പത്ത് വീടിന്റെയും അസ്ഹരിയ്യ കുതുബ്ഖാനയുടെയും പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

 _സി.പി ബാസിത് ഹുദവി തിരൂര്_

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...