2024 ജനുവരി 18, വ്യാഴാഴ്‌ച

തലപ്പാവും വാലും തലമറക്കലും ഹദീസുകളിലൂടെ

     ✍🏼 *നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന് തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി ﷺ നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്...*

 തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്തൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമറക്കൽ സുന്നത്തില്ലെന്നും നബി ﷺ തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്...

 കാരണം, അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൾക്കെന്ത് പ്രസക്തി..?

 ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ... പ്രമാണങ്ങൾ പരിശോധിച്ചാൽ നിസ്കാര സമയത്തും അല്ലാത്തപ്പോഴും നബി ﷺ തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും. അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ...

عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)

*(1)* ജാബിർ (റ) ൽ നിവേദനം: "മക്കാവിജയ ദിവസം നബി ﷺ മക്കയിൽ പ്രവേശിച്ചപ്പോൾ നബി ﷺ കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു..."
  (മുസ്ലിം 2419)

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)

*(2)* ജഅഫറുബ്നു അംറുബ്നു ഹുറൈസ് (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി ﷺ ജനങ്ങളോട് ഖുത്വുബ ഓതി. നബിﷺയുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു..."
  (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)

*(3)* ജഅഫറുബ്നു അംറുബ്നു ഉമയ്യ (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി ﷺ അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദി വരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു..." 
  (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩)

*(4)* ഇബ്നുൽ മുഗീറ (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി ﷺ രണ്ട് ഖുഫ്ഫകൾക്കു മുകളിലും തലയുടെ മുൻഭാഗത്തും അവിടുത്തെ തലപ്പാവിന്റെ മുകളിലും തടവി..." 
  (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)

*(5)* ബിലാൽ (റ) വിൽ നിന്ന് നിവേദനം: "നബി ﷺ തന്റെ ആവശ്യം നിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബിﷺയെ സമീപിക്കും. അപ്പോൾ നബി ﷺ വുളൂഅ്‌ എടുക്കുകയും തലപ്പാവിനു മുകളിൽ തടവുകയും ചെയ്യും..." 
  (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)

*(6)* സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മഞ്ഞ വർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി ﷺ മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബിﷺക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബിﷺയുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് (ﷺ) ചായം മുക്കുമായിരുന്നു..."
  (അബുദാവൂദ് 3542).

 നബി ﷺ എപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്ന് അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

*📍തലപ്പാവും വാലും*

   നബി ﷺ തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം (റ) നിവേദനം: 

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)

*(1)* ജഅഫറുബ്നു അംറുബ്നുൽ ഹുവൈരിസ് (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനു മുകളിൽ നബിﷺയെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു. നബിﷺയുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി ﷺ രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു..."
  (സ്വഹീഹു മുസ്ലിം 2421)

 ഇമാം തുർമുദി (റ) നിവേദനം: 

عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)

*(2)* ഇബ്നു ഉമർ (റ) യിൽ നിന്ന് നിവേദനം: "നബി ﷺ തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ (റ) പറയുന്നു: "ഇബ്നു ഉമർ (റ) തന്റെ തലപ്പാവ്അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു"
  (തുർമുദി 1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി ﷺ താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരമർശിച്ചുവല്ലോ.. ഇതേ ആശയം ഹസനുബ്നു അലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ് (റ) സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്...

 അബുനുഐം (റ) 'മഅരിഫത്തുസ്സ്വഹാബ' യിൽ അബ്ദുൽ അഅലബ്നുഅദിയ്യി (റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്തുവെച്ച് നടന്ന യുദ്ദത്തിന്റെ ദിവസം നബി ﷺ അലി (റ) വിനെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടുന്ന് (ﷺ) നിർദ്ദേശിക്കുകയും ചെയ്തു... 

 അബ്ദുല്ലാഹിബ്നു യാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: നബി ﷺ അലി (റ) വിനെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കെട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്...

 ഇബ്നു അദിയ്യ് (റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാളുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബിﷺക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബി ﷺ താഴ്ത്തിയിടുമായിരുന്നു..."

 അബുമൂസ (റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ (അ) നബിﷺയെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു..."

 അബ്ദുറഹ്മാനുബ്നു ഔഫ്‌ (റ) വിൽ നിന്ന് അബുദാവൂദ് (റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: "നബി ﷺ എനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടുന്ന് (ﷺ) താഴ്ത്തിയിട്ടു..."

 ഇബ്നു അബീശൈബ (റ) ആഇഷ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി ﷺ അബ്ദുറഹ്മാനുബ്നു ഔഫ്‌ (റ) വിനു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു..."
                                                              
 ഇനിയും ഒരുപാട് തെളിവുകൾ എഴുതാനുണ്ട്...
 തല്ക്കാലം നിർത്തുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...