2024 ജനുവരി 14, ഞായറാഴ്‌ച

മഹാത്മൻ

ഒരു ഭക്തൻ ഒരിക്കൽ ശ്രീബുദ്ധനോട് ചോദിച്ചു:

"മഹാത്മൻ! അങ്ങയുടെ ജീവിതം വളരെ പരിശുദ്ധമാണ്. എന്നെപ്പോലുള്ളവരുടെ കാര്യം അങ്ങിനെയല്ല. തെറ്റുകൾ ചെയ്യരുതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കും. എന്നാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ആവർത്തിച്ചു ചെയ്തുപോകുന്നു. അങ്ങയുടെ പരിശുദ്ധ ജീവിതത്തിന്റെ രഹസ്യമെന്താണ്?"

ഉടനെ ബുദ്ധൻ പറഞ്ഞു:

"ഇതിനുള്ള ഉത്തരം കേട്ടിരിക്കാൻ ഇപ്പോൾ നിങ്ങളുടെ പക്കൽ സമയമില്ല. ഇന്നേക്ക് ഏഴാം നാൾ നിങ്ങൾ മരിക്കും."

ഭക്തൻ കുറച്ചുനേരം സ്തബ്ധനായി നിന്നു. എന്നിട്ട് ഒന്നും പറയാതെ വീട്ടിലേക്ക് പോയി.

ഏഴാം ദിവസം ശ്രീബുദ്ധൻ ഭക്തനെ കാണാനെത്തി. ഭക്തൻ തന്റെ മുറിയിൽ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. ബുദ്ധൻ അദ്ദേഹത്തോട് ചോദിച്ചു:

"ഇക്കഴിഞ്ഞ ആറുദിവസം നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ?"

ഭക്തൻ പറഞ്ഞു:

"കഴിഞ്ഞ ആറു ദിവസവും ഒരു തെറ്റും ചെയ്തില്ല എന്നുമാത്രമല്ല, ഒരു ദുഷ്ചിന്ത പോലും മനസ്സിൽ വന്നിട്ടില്ല."

ബുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഇപ്പോൾ നിങ്ങൾക്ക് എന്റെ ജീവിത രഹസ്യം മനസ്സിലായിക്കാണുമല്ലോ. മരണമെന്ന സത്യം നമ്മുടെ തൊട്ടുമുന്നിൽ നിൽക്കുമ്പോൾ തെറ്റായ കാര്യങ്ങൾ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് എങ്ങിനെയാണ്?"

ബുദ്ധൻ തുടർന്നു:

"മരണം അടുത്തു എന്നറിഞ്ഞതോടെ സ്വന്തം ശരീരം ഉൾപ്പെടെ ഈ ലോകത്ത് ഒന്നുംതന്നെ ശാശ്വതമല്ലെന്നും സ്വന്തമായി ഈ ലോകത്തിൽ യാതൊന്നും ഇല്ലെന്നുമുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടായി. വിവേക ബുദ്ധി ഉണർന്നു. അതോടെ മനസ്സ് കാമനകളിൽ നിന്ന് മുക്തമായി. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ആറു ദിവസം ഒരു തെറ്റും ചെയ്യാതിരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞത്."

മരണം തൊട്ടുമുന്നിലുണ്ടെന്ന യാഥാർഥ്യബോധത്തോടെ ഓരോ ദിവസവും നമ്മൾ ജീവിച്ചാൽ നമ്മൾ തെറ്റുകളിലേക്ക് പോവില്ല. എന്നുമാത്രമല്ല ധാരാളം നന്മകൾ നമ്മിലുണ്ടാവുകയും ചെയ്യും. സകല സ്വത്തും സമ്പത്തും നമ്മുടെ ശരീരം തന്നെയും നശ്വരമാണെന്ന തിരിച്ചറിവുണ്ടാകും. സ്വാർത്ഥതയും അഹങ്കാരവും പിടിവാശിയും കുറയും. അതോടെ നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മ നിറയും.

മനസ്സിനെ നിയന്ത്രിക്കുക എന്നത് ഏറ്റവും ദുഷ്കരമായ കാര്യമാണ്. കാറ്റിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതുപോലെയാണത്. മനസ്സിലെ ദുഷിച്ച ചിന്തകളെ കൈകൊണ്ട് എടുത്തുകളയാനാകില്ല. നല്ല ചിന്തകളെ വളർത്തുന്നതിലൂടെ മാത്രമേ നമുക്ക് മനസ്സിലെ ദുഷ്ചിന്തകളുടെ അളവ് കുറയ്ക്കാനാകൂ. ചിന്തകളാണ് പിന്നീട് വാക്കുകളും പ്രവൃത്തികളുമായിത്തീരുന്നത്. നല്ല ചിന്തകളെ വളർത്തുന്നതിലൂടെ മനസ്സ് ശുദ്ധമാകും. വാക്കും പ്രവൃത്തിയും നന്മ നിറഞ്ഞതാകുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...