2024 ജനുവരി 11, വ്യാഴാഴ്‌ച

ശൈഖ് ആദം ഹസ്റത്ത്

"ഇന്ന് ഇവിടം അനാഥമായിരിക്കുന്നു. 
നാളെ ഈ കൊച്ചുബാലനിലൂടെ സനാഥമാകും". ഒരു കൊച്ചു ബാലനെ ചൂണ്ടി ബാഖിയാത് സ്ഥാപകൻ ശംസുൽ ഉലമ അബദുൽ വഹാബ് ഹസ്റതിന്റെ പ്രവചനം. തന്റെ ഗുരുവര്യൻ  
അബ്ദുൽ മജീദ് സാഹിബിന്റെ 
അന്ത്യകർമങ്ങൾക്കിടെ മനം നൊന്ത് കണ്ണീർവാർക്കുകയായിരുന്നു അപ്പോൾ ആ കൊച്ചുബാലൻ.
പ്രഗത്ഭ പണ്ഡിതർ സംഗമിച്ച സന്ദർഭം. അതിനിടയിലാണ് അബ്ദുൽ വഹാബ് ഹസ്റത് ഒരു ഭാഗത്ത് മാറിനിന്ന് കരയുകയായിരുന്ന കുട്ടിയെ ശ്രദ്ധിക്കുകയും ഇപ്രകാരം പറയുകയും ചെയ്തത്.

ശൈഖവർകളുടെ വാക്കുകൾ അക്ഷരം പ്രതി യാഥാർത്ഥ്യമാകുന്നതാണ് പിന്നീട് സമൂഹം ദർശിക്കുന്നത്. നിശ്ചയം, അല്ലാഹുവിന്റെ ചില അടിയാറുകളുണ്ട്. അവർ അല്ലാഹുവിനെ സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ അത് സംഭവിക്കും" എന്നാണല്ലോ തിരുനബി(സ്വ) അധ്യാപനം.
ബാഖിയാതിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് റഹ്മത്പാളയം. ഹി 1871ൽ തന്റെ വിരിമാറിൽ ഭൂജാതനായ ആ കുട്ടിയിലൂടെ ആ പ്രദേശം പ്രശസ്തമായി. ആരായിരുന്നുവല്ലേ അത്?. ശൈഖുൽ മശായിഖ് മൗലാനാ ആദം ഹസ്റത്. വിജ്ഞാനത്തിന്റെ നിറകുടം, ആയിരക്കണക്കിന് ബാഖവി പണ്ഡിതന്മാരുടെ ഗുരുവര്യർ, സമർത്ഥനായ മുഫ്തി തുടങ്ങി ഒട്ടനേകം മേൽവിലാസങ്ങളുണ്ട് ശൈഖ് ആദം ഹസ്റതിന്.

ഒരു കർഷക കുടുംബത്തിൽ അബ്ദുറഹീം എന്നവരുടെ മകനായാണ് ശൈഖവർകൾ ജനിക്കുന്നത്. ഹസ്റത് മുഹ്‌യിദ്ദീൻ തുടങ്ങിയ ഗുരുനാഥന്മാർക്ക് കീഴിൽ വെല്ലൂർ ലത്വീഫിയയിലായിരുന്നു ആദം ഹസ്റതിന്റെ പഠനം. തുടർപഠനം ബാഖിയാതിലും. പ്രധാന ഗുരുവര്യർ ശൈഖ് അബ്ദുൽ വഹാബ് ഹസ്റത് തന്നെ. കൂടാതെ ജമാല്‍ ഖാന്‍ ഹസ്‌റത്ത്, അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്ത്, ഖാദിര്‍ ബാഷാ ഹസ്‌റത്ത്, ഗുലാം മുഹ്‌യിദ്ദീന്‍ ഹസ്‌റത്ത് തുടങ്ങിയവരുടെ ശിഷ്യത്വവും കരഗതമാക്കിയിട്ടുണ്ട്.
1904ൽ മഹാൻ ബാഖിയാത് മുദരിസായി നിയമിതനായി. നാൽപ്പത്തിനാല് വർഷങ്ങൾക്ക് ശേഷം ശൈഖ് അബ്ദുറഹീം ഹസ്റതിന്റെ വഫാതിനെ തുടർന്ന് ബാഖിയാത് പ്രിൻസിപ്പൾ പദവിയിലെത്തി. സ്ഥാപനത്തിന്റെ സുവർണ ഘട്ടമായിരുന്നു അവിടുത്തെ സേവനകാലം. 

കേരളം, ശ്രീലങ്ക, ബർമ, മലയ, സിങ്കപ്പൂർ തുടങ്ങിയ നിരവധി പണ്ഡിതന്മാർ ആദം ഹസ്റതിന്റെ ശിഷ്യഗണങ്ങളായുണ്ട്. മുഫ്തി അഅളം എന്ന വിശേഷണവും അവിടുത്തേക്കുണ്ട്. അബ്ദുൽ വഹാബ് ഹസ്റത് തന്റെ വാര്‍ദ്ധക്യാവസ്ഥയില്‍ തന്റെ നാഇബ് മുഫ്തിയായി ചുമതലപ്പെടുത്തിയത് മഹാനെയാണ്. ബാനി ഹസ്‌റത്തിന്റെ വിയോഗ ശേഷം ബാഖിയാത്തിലെ ഔദ്യോഗിക മുഫ്തിയായി.

സമസ്ത സ്ഥാപകകാല നേതാക്കളിൽ പലരും ആദം ഹസ്റതിന്റെ ശിഷ്യരായിരുന്നു. കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളെ പ്രതീക്ഷയോടെയാണ് അവിടുന്ന് വീക്ഷിച്ചത്. 1947ലും 1954ലും മീഞ്ചന്തയിലും താനൂരിലും
നടന്ന സമസ്ത സമ്മേളനങ്ങളിലെ അധ്യക്ഷനായിരുന്നു. 1960 ജമാദുല്‍ ആഖിർ 10നായിരുന്നു വഫാത്. ഖബ്ർ വെല്ലൂരിലെ റഹ്മത്ത് പാളയം ബഡീ മസ്ജിദ് ചാരത്ത്. സഹോദരങ്ങളെ, അവിടുത്തെ ആണ്ട് ദിവസമാണിന്ന്. എല്ലാവരുംമഹാനവർകളുടെ പേരിൽ ഒരു ഫാതിഹ എങ്കിലും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ ദറജ വർദ്ധിപ്പിക്കട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...