2024 ജനുവരി 20, ശനിയാഴ്‌ച

ഹദീസ്; ചില അടിസ്ഥാന പാഠങ്ങൾ

നിർവചനം

പഴയതിന് എതിരായത് (نقيض القديم) അഥവാ, പുതിയത് (جديد) എന്നാണ് ഹദീസ് (حديث) എന്ന പദത്തിന്റെ ഭാഷാർത്ഥം.¹ സംസാരം (كلام) എന്നും അതിന് അർത്ഥമുണ്ട്.²

സാങ്കേതികാർത്ഥത്തിൽ, ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും നിർവചനപ്രകാരം നബി -ﷺ- യുടെ വാക്ക് (قول), പ്രവൃത്തി (فعل), അംഗീകാരം (تقرير) എന്നിവക്ക് ഹദീസ് എന്ന് പറയുന്നു.³

*നബി -ﷺ- യുടെ വാക്ക്; (قول النبي ﷺ)*

ഉദാഹരണം:

عَنْ عَلْقَمَةَ بْنِ وَقَّاصٍ اللَّيْثِيِّ، قَالَ : سَمِعْتُ عُمَرَ بْنَ الْخَطَّابِ يَقُولُ : قَالَ رَسُولُ اللَّهِ -ﷺ-‏ : « إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ »

അൽഖമതുബ്നു വഖാസ്വ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഉമറുബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: അല്ലാഹുവിന്റെ ദൂതർ -ﷺ- അരുളി: “തീർച്ചയായും കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങൾക്കനുസൃതമായാണ്. ആർക്കും അവനുദ്ദേശിച്ചതേ ലഭിക്കുകയുള്ളൂ. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഹിജ്റ പോകുന്നുവെങ്കിൽ അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും ഹിജ്‌റ ഭൗതിക നേട്ടത്തിനോ സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കിൽ അവന്റെ ഹിജ്റ അവക്കുള്ളതാണ്.” (സുനൻ അബീദാവൂദ് 2201).

നബി -ﷺ- യുടെ കൽപനകൾ, വിലക്കുകൾ, ഉപദേശങ്ങൾ, പ്രാർത്ഥനകൾ, പ്രവചനങ്ങൾ മുതലായവ അവിടുത്തെ ഖൗലിൽപ്പെടുന്നു.

*നബി -ﷺ- യുടെ പ്രവൃത്തി; (فعل النبي ﷺ)*

ഉദാഹരണം:

عَنْ سَعِيدِ بْنِ الْحَارِثِ، قَالَ : صَلَّى لَنَا أَبُو سَعِيدٍ، فَجَهَرَ بِالتَّكْبِيرِ حِينَ رَفَعَ رَأْسَهُ مِنَ السُّجُودِ، وَحِينَ سَجَدَ، وَحِينَ رَفَعَ، وَحِينَ قَامَ مِنَ الرَّكْعَتَيْنِ، وَقَالَ : ‹ هَكَذَا رَأَيْتُ النَّبِيَّ -ﷺ- ›

സഈദിബ്നുൽ ഹാരിസ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. ആദ്യത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും, പിന്നീട് സുജൂദ് ചെയ്തപ്പോഴും, രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും, രണ്ട് റക്അത്ത് കഴിഞ്ഞ് എഴുന്നേറ്റു നിന്നപ്പോഴുമെല്ലാം അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലി. ‘നബി -ﷺ- ഇപ്രകാരം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടിരിക്കുന്നത്.’ എന്ന് അദ്ദേഹം പറയുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി 825).

عَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا- : ‹ أَنَّ النَّبِيَّ -ﷺ- كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ ›

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: ‘നബി -ﷺ- അവിടുത്തെ വിയോഗം വരെയും റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്‌ലിം 1172).

നബി -ﷺ- യുടെ അനുഷ്ഠാനമുറകൾ, ഇടപാടുകൾ മുതലായവ അവിടുത്തെ ഫിഅ്ലിൽപ്പെടുന്നു.

*നബി -ﷺ- യുടെ അംഗീകാരം; (تقرير النبي ﷺ)*

നബി -ﷺ- യുടെ സാന്നിദ്ധ്യത്തിൽ ഒരാൾ വല്ലതും പ്രവർത്തിക്കുകയോ എന്തെങ്കിലും പ്രസ്താവിക്കുകയോ ചെയ്തു –അല്ലെങ്കിൽ, അവിടുത്തെ അസാന്നിദ്ധ്യത്തിൽ ആരെങ്കിലും വല്ലതും പ്രവർത്തിക്കുകയോ പ്രസ്താവിക്കുകയോ ചെയ്തതിനെപ്പറ്റി അവിടുന്ന് അറിഞ്ഞു– നബി -ﷺ- അയാളെ എതിർക്കുകയോ, അതിനെത്തൊട്ട് വിരോധിക്കുകയോ ചെയ്തില്ല; മറിച്ച് അവിടുന്ന് മൗനമവലംബിക്കുകയും, അംഗീകാരം പ്രകടിപ്പിക്കുകയുമാണ് ഉണ്ടായത് എങ്കിൽ, ഇതിനെ തഖ്‌രീർ എന്ന് പറയുന്നു.⁴

ഉദാഹരണം:

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قَالَ : ‹ أَصَبْتُ جِرَابًا مِنْ شَحْمٍ يَوْمَ خَيْبَرَ، -قَالَ- فَالْتَزَمْتُهُ، فَقُلْتُ : لاَ أُعْطِي الْيَوْمَ أَحَدًا مِنْ هَذَا شَيْئًا، -قَالَ- فَالْتَفَتُّ فَإِذَا رَسُولُ اللَّهِ -ﷺ- مُتَبَسِّمًا ›

അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘ഖൈബർ യുദ്ധദിവസം എനിക്ക് നെയ്പാടയുടെ ഒരു പാത്രം കിട്ടി. ഞാനത് കൈവിട്ടു പോകാതെ സൂക്ഷിച്ചു. എന്നിട്ട് പറഞ്ഞു: ഞാൻ ഇന്ന് ഇതിൽ നിന്നും അൽപം പോലും ഒരാൾക്കും കൊടുക്കുകയില്ല. –അദ്ദേഹം തുടർന്ന് പറയുന്നു– അങ്ങനെ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അല്ലാഹുവിന്റെ ദൂതർ -ﷺ- പുഞ്ചിരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്‌ലിം 1772).

തെറ്റായ വാക്കുകളോ പ്രവൃത്തികളോ നബി -ﷺ- യുടെ ശ്രദ്ധയിൽപ്പെട്ടാൽ അവിടുന്ന് അതിനെ എതിർക്കാതിരിക്കുകയില്ല. അതിനാൽ, നബി -ﷺ- യുടെ സാന്നിദ്ധ്യത്തിൽ വെച്ച് ആരെങ്കിലും വല്ലതും പ്രസ്താവിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുകയും നബി -ﷺ- അതിനെ എതിർക്കാതെ മൗനമവലംബിക്കുകയും ചെയ്യുന്നപക്ഷം അത് അവിടുത്തെ അംഗീകാരമായിട്ട് മനസ്സിലാക്കാം.

ഹദീസ് പണ്ഡിതന്മാരിൽ ഒരു വിഭാഗം നബി -ﷺ- യെ സംബന്ധിച്ച വിശേഷണങ്ങളെയും ഹദീസിന്റെ നിർവചനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.⁵

*നബി -ﷺ- യുടെ വിശേഷണം; (صفة النبي ﷺ)*

നബി -ﷺ- യുടെ സൃഷ്ടിപരവും, സ്വഭാവപരവുമായ ഗുണ വിശേഷണങ്ങൾ ഇതിൽപ്പെടുന്നു. ഉദാഹരണം:

عَنْ أَبِي إِسْحَاقَ، قَالَ : سَمِعْتُ الْبَرَاءَ يَقُولُ : ‹ كَانَ رَسُولُ اللَّهِ -ﷺ- أَحْسَنَ النَّاسِ وَجْهًا، وَأَحْسَنَهُ خَلْقًا، لَيْسَ بِالطَّوِيلِ الْبَائِنِ، وَلاَ بِالْقَصِيرِ‏ ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ബറാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവിന്റെ ദൂതർ -ﷺ- ജനങ്ങളിൽ ഏറ്റവും മുഖ സൗന്ദര്യമുള്ള ആളായിരുന്നു; ശരീര ഘടനയിലും അവിടുന്ന് അതി സുന്ദരനായിരുന്നു. അവിടുന്ന് അധികം ഉയരം കൂടിയവരോ, തീരെ ഉയരം കുറഞ്ഞവരോ ആയിരുന്നില്ല.’ (സ്വഹീഹുൽ ബുഖാരി 3549, സ്വഹീഹ് മുസ്‌ലിം 2337).

عَنْ أَبِي إِسْحَاقَ، قَالَ‏ :‏ سَمِعْتُ الْبَرَاءَ بْنَ عَازِبٍ يَقُولُ‏ :‏ ‹ كَانَ رَسُولُ اللهِ -ﷺ- رَجُلا مَرْبُوعًا، بَعِيدَ مَا بَيْنَ الْمَنْكِبَيْنِ، عَظِيمَ الْجُمَّةِ إِلَى شَحْمَةِ أُذُنَيْهِ، عَلَيْهِ حُلَّةٌ حَمْرَاءُ، مَا رَأَيْتُ شَيْئًا قَطُّ أَحْسَنَ مِنْهُ‏ -ﷺ- ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ബറാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവിന്റെ ദൂതർ -ﷺ- ഒത്ത ശരീരപ്രകൃതിയുള്ളവരായിരുന്നു. ഇരു ചുമലുകളും വിശാലമായവരും ചെവിക്കുറ്റിയോളം ഇടതിങ്ങിയ മുടിയുള്ളവരുമായിരുന്നു. ചുമലിൽ ചുവന്ന വസ്ത്രമണിഞ്ഞിരുന്നു. അവിടുത്തേക്കാൾ സൗന്ദര്യമുള്ളതായി മറ്റൊന്നിനെയും ഞാൻ കണ്ടിട്ടില്ല.’ (സ്വഹീഹ് മുസ്‌ലിം 2337, ശമാഇൽ മുഹമ്മദിയ്യ 3).

عَنْ عَائِشَةَ، قَالَتْ : ‹ مَا كَانَ رَسُولُ اللَّهِ -ﷺ- يَسْرُدُ سَرْدَكُمْ هَذَا، وَلَكِنَّهُ كَانَ يَتَكَلَّمُ بِكَلاَمٍ بَيِّنٍ فَصْلٍ يَحْفَظُهُ مَنْ جَلَسَ إِلَيْهِ ›

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: ‘നിങ്ങൾ തുരുതുരാ സംസാരിക്കുന്നതുപോലെ അല്ലാഹുവിന്റെ ദൂതർ -ﷺ- സംസാരിക്കാറില്ലായിരുന്നു. പ്രത്യുത, അടുത്ത് ഇരിക്കുന്നവർക്ക് ഹൃദിസ്ഥമാക്കാവുന്ന തരത്തിൽ സ്പഷ്ടവും വ്യക്തവുമായിരുന്നു അവിടുത്തെ സംസാരം.’ (ജാമിഅ് തിർമിദി 3639, ശമാഇൽ മുഹമ്മദിയ്യ 222).

عَنْ أَنَسٍ، قَالَ : ‹ خَدَمْتُ النَّبِيَّ -ﷺ- عَشْرَ سِنِينَ، فَمَا قَالَ لِي أُفٍّ قَطُّ، وَمَا قَالَ لِشَيْءٍ صَنَعْتُهُ لِمَ صَنَعْتَهُ، وَلاَ لِشَيْءٍ تَرَكْتُهُ لِمَ تَرَكْتَهُ، وَكَانَ رَسُولُ اللَّهِ -ﷺ- مِنْ أَحْسَنِ النَّاسِ خُلُقًا، وَلاَ مَسِسْتُ خَزًّا قَطُّ، وَلاَ حَرِيرًا وَلاَ شَيْئًا، كَانَ أَلْيَنَ مِنْ كَفِّ رَسُولِ اللَّهِ -ﷺ-، وَلاَ شَمَمْتُ مِسْكًا قَطُّ، وَلاَ عِطْرًا كَانَ أَطْيَبَ مِنْ عَرَقِ النَّبِيِّ -ﷺ- ›

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘ഞാൻ പത്തുവർഷക്കാലം നബി -ﷺ- ക്ക് സേവനം ചെയ്തിട്ടുണ്ട്. അവിടുന്ന് എന്നോട് ഒരിക്കൽ പോലും ഛെ! എന്ന് പറഞ്ഞിട്ടില്ല; ഞാൻ ചെയ്ത ഒരു കാര്യത്തെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു? എന്നോ, ചെയ്യാത്ത കാര്യത്തെ സംബന്ധിച്ച് എന്തുകൊണ്ട് നീ അത് ചെയ്തില്ല? എന്നോ ചോദിച്ചിട്ടില്ല. അല്ലാഹുവിന്റെ ദൂതർ -ﷺ- ജനങ്ങളിൽ ഏറ്റവും ഉത്തമ സ്വഭാവമുള്ളവരായിരുന്നു. അവിടുത്തെ കൈപ്പത്തിയെക്കാൾ മിനുസമുള്ള പട്ടോ, രോമ വസ്ത്രമോ ഞാൻ സ്പർശിച്ചിട്ടില്ല. നബി -ﷺ- യുടെ വിയർപ്പിനെക്കാൾ സുഗന്ധമുള്ള കസ്തൂരിയോ, അത്തറോ ഞാൻ വാസനിച്ചിട്ടുമില്ല.’ (ജാമിഅ് തിർമിദി 2015, ശമാഇൽ മുഹമ്മദിയ്യ 344).

عَنْ أَبِي إِسْحَاقَ، قَالَ : سَمِعْتُ أَبَا عَبْدِ اللَّهِ الْجَدَلِيَّ يَقُولُ : سَأَلْتُ عَائِشَةَ عَنْ خُلُقِ رَسُولِ اللَّهِ -ﷺ- : فَقَالَتْ : ‹ لَمْ يَكُنْ فَاحِشًا وَلاَ مُتَفَحِّشًا، وَلاَ صَخَّابًا فِي الأَسْوَاقِ، وَلاَ يَجْزِي بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَصْفَحُ ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂ അബ്ദില്ലാഹിൽ ജദലി -رَحِمَهُ اللَّه- പറയുന്നത് ഞാൻ കേട്ടു: തിരുദൂതർ -ﷺ- യുടെ സ്വഭാവത്തെ സംബന്ധിച്ച് ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു. അവർ പറഞ്ഞു: ‘അവിടുന്ന് അസഭ്യം പറയുന്നവരോ പ്രവർത്തിക്കുന്നവരോ ആയിരുന്നില്ല. അങ്ങാടികളിൽ ഒച്ചവെച്ച് കയർക്കുന്നവരുമായിരുന്നില്ല. തിന്മക്കു പകരം തിന്മ ചെയ്യുന്നവരുമായിരുന്നില്ല. പ്രത്യുത, അവിടുന്ന് മാപ്പ് നൽകുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് ചെയ്തിരുന്നത്.’ (ജാമിഅ് തിർമിദി 2016, ശമാഇൽ മുഹമ്മദിയ്യ 346).

***************

*ശ്രദ്ധിക്കുക:* വ്യാപകാർത്ഥം പരിഗണിച്ചുകൊണ്ട് നബി -ﷺ- യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, വിശേഷണം എന്നിവക്ക് പുറമെ സ്വഹാബികളുടെയും, താബിഈങ്ങളുടെയും വാക്ക്, പ്രവൃത്തി, അംഗീകാരങ്ങൾക്കും സാധാരണ ഗതിയിൽ ഹദീസ് എന്ന് പറയപ്പെടാറുണ്ട്. എന്നാൽ ക്വുർആനിനോട് ചേർത്തുകൊണ്ടോ, അല്ലാതെത്തന്നെയോ പ്രമാണം എന്ന നിലയിൽ ഹദീസ് എന്ന് പ്രയോഗിക്കുമ്പോൾ അതുകൊണ്ടുള്ള വിവക്ഷ നാം മുകളിൽ വിവരിച്ചതുപോലെ നബി -ﷺ- യുമായി ബന്ധപ്പെട്ട റിപോർട്ടുകൾ മാത്രമാകുന്നു.

___________
കുറിപ്പുകൾ:

[١] ابن منظور، لسان العرب، مادة حدث : ٢/١٣١
[٢] ابن فارس، معجم مقاييس اللغة، مادة حدث: ٢/٣٦
[٣] « اعلم، أن الحديث في اصطلاح جمهور المحدثين يطلق على قول النبي -ﷺ-، وفعله، وتقريره » . عبد الحق الدهلوي، لمعات التنقيح : ١/٩٨
[٤] « ومعنى التقرير: أنه فعل أحد أو قال شيئا في حضرته -ﷺ-، ولم ينكره ولم ينهه عن ذلك، بل سكت وقرر » . عبد الحق الدهلوي، لمعات التنقيح : ١/٩٨
[٥] « وزاد بعضهم: أو صفة » . عبد الحي اللكنوي، ظفر الأماني، ص: ٢٤
===================================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...