2024 ജനുവരി 18, വ്യാഴാഴ്‌ച

ഹമാസിന്റെ ചെറുത്ത് നിൽപ്പ്; കാലിടറുന്ന ജൂതപ്പട

മുസ്തഫ വാക്കാലൂർ
 
(മലയാളം ന്യൂസ് - 18/01/2024)

അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, അർജന്റീന, ഓസ്‌ട്രേലിയ, കാനഡ, ഇസ്രായേൽ, ജപ്പാൻ, പരാഗ്വേ, ന്യൂസിലാൻഡ് മുതലായ രാജ്യങ്ങൾ തീവ്രവാദ സംഘടനയായി മുദ്ര കുത്തുമ്പോൾ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിലെ ഒരിതിഹാസമായി മാറിക്കൊണ്ടിരിക്കുകയാണ് ഹമാസ്‌. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന പുതു തലമുറയിൽ 70% പേരും ഹമാസിനെ നെഞ്ചോട് ചേർത്തുവെക്കുന്നു. ബന്ദികളാക്കപ്പെട്ട ശേഷം ഹമാസിന്റെ കാരുണ്യത്താലും ഉഭയകക്ഷി കരാറിനാലും സ്വതന്ത്രരാക്കപ്പെട്ട ഇസ്രായേൽ പൗരന്മാർ പിന്നീട് ഹമാസിനെക്കുറിച്ച് വെളിപ്പെടുത്തിയതും സമാനമായ പ്രശംസകളാണ്. മിക്കവാറും ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും അര ഡസനിലധികം വരുന്ന ഫലസ്തീൻ പോരാട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒന്നായിട്ട് മാത്രമാണ് ഹമാസിനെ കണക്കാക്കുന്നത്. 

2023 ഒക്ടോബർ 7ന് സബാത്തിന്റെ പിറ്റേന്ന് ഇസ്രായേലിൽ പ്രവേശിച്ച് 1200 ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തുതോടുകൂടി ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ പുതിയ മാനങ്ങളുണ്ടായി. ഇസ്രായേലിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെട്ടു. സൈനിക മേധാവിത്വത്തിൽ മൂന്നാം സ്ഥാനമാണെന്ന് അഭിമാനിച്ചിരുന്നവർ അതല്ലെന്ന് തെളിയിക്കപ്പെട്ടു. രാഷ്ട്രീയ സയണിസം വാഗ്ദാനം ചെയ്ത ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമൊരുക്കിയെന്ന ഉറപ്പ് പിച്ചിച്ചീന്തപ്പെട്ടു. ഇസ്രായേൽ എന്ന അധിനിവിഷ്ട കൊളോണിയൽ ശക്തി ഏഴരപ്പതിറ്റാണ്ടിനിടക്ക് ഇതുവരെ നേരിട്ടതിൽവെച്ച് ഭയാനകവും അപമാനകരവും ആൾനാശമുള്ളതുമായിരുന്നു ഒക്ടോബറിന്റെ ഓപ്പറേഷൻ.

കുറേകാലമായി ശാന്തതയിൽ കഴിഞ്ഞതിൽ പിന്നെ ഗാസ അതിർത്തിയിൽനിന്നും ഇസ്രാഈലിന്റെ ശ്രദ്ധ പടിഞ്ഞാറൻ കരയിലേക്ക് നീങ്ങുകയായിരുന്നു. അവിടെ കൂടുതൽ ജൂത സെറ്റില്‍മെന്റുകൾ ഉണ്ടാക്കുകയും അതുവഴി ദിനേനയെന്നോണം ഫലസ്തീനികളുമായി ഒറ്റപ്പെട്ടതെങ്കിലും ചെറുത്തുനിൽപ്പിന്റെ വെല്ലുവിളികൾ കൂടിക്കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. അയേൺ ഡോമും വന്മതിലും അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളും സൂക്ഷ്മ നിരീക്ഷണ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഭേദിച്ചുകൊണ്ട് ഇസ്രായേലിലേക്ക് പ്രവേശിക്കുവാൻ ലോകത്തുള്ള ഒരു സൈനിക ശക്തിക്കും സാധ്യമല്ലെന്ന് വിശ്വസിച്ചുറച്ച കാര്യങ്ങളായിരുന്നു. അതിർത്തിയിൽ ആരെങ്കിലും പ്രവേശിച്ചാൽ തന്നെ തൽക്ഷണം കണ്ടെത്തുവാനും തകർക്കുവാനും കഴിയുമെന്ന് കരുതിയതായിരുന്നു. ഇങ്ങിനെ കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട സുരക്ഷിത വലയം ഭേദിക്കുവാൻ ‘പിച്ചാത്തി സൈന്യ’ത്തിന് സാധിക്കുമെന്ന് ഹമാസ് തെളിയിച്ചപ്പോൾ പടുത്തുയർത്തിയ അഹംഭാവമെല്ലാം കടപുഴകി. 

ഹർകതുൽ മുഖാവമതുൽ ഇസ്‌ലാമിയ്യ, അഥവാ ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്ന് മലയാളത്തിൽ വിളിക്കാവുന്നതിന്റെ സംക്ഷേപമാണ് ഹമാസ്. 1987ൽ ഷെയ്ഖ് യാസീൻ അഹ്മദ് എന്ന അന്ധനായ ഒരു പണ്ഡിതനാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്. ലോക ഇസ്ലാമിക രാഷ്ട്രീയത്തിൽ വലതുപക്ഷം എന്ന് വിളിക്കാവുന്ന ഇഖ്‌വാനുൽ മുസ്ലിമൂൻ (ഇസ്ലാമിക് ബ്രദർഹുഡ്) എന്ന സംഘടനയുടെ ഫലസ്തീൻ പതിപ്പിൽ നിന്നാണ് ഹമാസ് രൂപംകൊള്ളുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുബാഷ് ചന്ദ്ര ബോസിന്റെ ഐ.എൻ.എയുടെ ഫലസ്തീൻ പതിപ്പാണെന്ന് ഹമാസിനെ സാമാന്യേന വിശേഷിപ്പിക്കാം. 

അധിനിവിഷ്ട കൊളോണിയലിസത്തിന്റെ സവിശേഷതയാണ് വംശീയോന്മൂലനം. അവർ കീഴടക്കിയ രാജ്യത്തിലെ തദ്ദേശീയരെ നിഷ്കാസനം ചെയ്ത് രാജ്യം സ്വന്തമാക്കുകയാണ് അതിന്റെ ലക്ഷ്യം. അത്തരമൊരു ശക്തിയോട് സമാധാനത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന തിരിച്ചറിവാണ് ഹമാസിന്റെ രൂപീകരണത്തിന് കാരണമായത്. എന്നാൽ മറുഭാഗത്ത് യാസർ അറഫാത്തിന്റെ ഫതഹ് പാർട്ടി ഒലിവ് ചില്ലയും സമാധാന ചർച്ചയും ഉടമ്പടികളുമായി മുന്നോട്ട് പോയി. അതൊന്നും ഫലം കണ്ടതുമില്ല. ഏറെ പ്രതീക്ഷ നൽകിയിരുന്ന ഓസ്‌ലോ കരാർ പോലും നടപ്പിലായില്ല. കരാർ ഒപ്പിട്ട ഇസ്രായേൽ പ്രധാനമന്ത്രി ഇത്‍സാക് റബീനെ ഇസ്രേലികൾ തന്നെ വധിച്ചുകളഞ്ഞു. 

ഓസ്ലോ കരാർ പ്രകാരം ഫലസ്തീൻ രാജ്യം രൂപീകരിക്കപ്പെടേണ്ട അവസാന തിയ്യതിയും കഴിഞ്ഞപ്പോൾ മുസ്ലിംകളുടെ ദേവാലയമായ ഖുദ്‌സ് ഇസ്രായേൽ ഏതാണ്ട് പിടിച്ചെടുത്തു. 1982ൽ ലബനാനിലെ സബ്രയിലേയും ശാത്തിലയിലേയും ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ അതിക്രമിച്ച് കയറി അയ്യായിരത്തോളം അഭയാർത്ഥികളെ കൂട്ടക്കശാപ് ചെയ്ത ഏരിയൽ ഷാരോണിന്റെ നേതൃത്വത്തിലാണ് 2000 സെപ്റ്റംബർ 28ന് ഇത് സംഭവിച്ചത്. അവസാനം പരിമിതമായ പ്രദേശത്തേക്ക് അതിലും പരിമിതമായ അധികാരങ്ങളോടെ 2006ൽ ഫലസ്തീനിൽ ഒരു തെരെഞ്ഞെടുപ് നടന്നു. ജനം ഹമാസിന് വോട്ട് നൽകി. കേവല ഭൂരിപക്ഷത്തോടെ ഏറ്റവും വലിയ കക്ഷിയായി വിജയിച്ചു. എന്നാൽ, അമേരിക്കയും ഇസ്രയേലും ജനവിധി അംഗീകരിച്ചില്ല. അവർ ഫതഹിൻറെ നേതാവായ മഹ്മൂദ് അബ്ബാസിനെ ഫലസ്തീൻ അതോറിറ്റി ഗവൺമെന്റുണ്ടാക്കാൻ ക്ഷണിച്ചു. ഇതിൽ പ്രതിഷേധിച്ച് ഗാസ സ്വയം ഭരണം പ്രഖ്യാപിച്ച് ഹമാസിന്റെ നിയന്ത്രണത്തിൽ വെച്ചു. ഇന്ന് ഗാസയിലേയും പടിഞ്ഞാറേ കരയിലേയും ജനങ്ങളുടെ പൂർണ്ണ പിന്തുണയുള്ളത് ഹമാസിനാണെന്ന് എല്ലാ സർവേകളും ഒരേപോലെ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിലെയും ഇസ്രയേലിലെയും രാഷ്ട്രീയ പാർട്ടികളെ മൊത്തമായെടുത്താൽ അമ്പത് ലക്ഷം ജനങ്ങളുടെ പിന്തുണയുള്ള ഏക പാർട്ടി ഹമാസാണ്.

പതിനേഴ് വർഷമായി ഗാസയെ ഇസ്രായേൽ തടവിലാക്കിയിട്ട്. അവർ കൊടുക്കുന്ന വെള്ളവും വെളിച്ചവും മാത്രമേ ഗാസക്കുള്ളൂ. മൽസ്യബന്ധനം സാധ്യമല്ല. വിദ്യാഭ്യാസത്തിന് വൈദ്യുതിയില്ല. ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിലും എത്രയോ കുറച്ച് മാത്രമേ അനുവദിക്കൂ. ഗാസക്ക് പുറത്തേക്ക് പോകാനൊക്കില്ല. ഗാസക്കുള്ളിൽ സഞ്ചരിക്കണമെങ്കിൽ തന്നെ നിരനിരയായി ഇസ്രായേലിന്റെ ചെക് പോസ്റ്റുകളാണ്. ചികിത്സക്ക് വേണ്ടി ഈജിപ്തിന്റെ റഫാ അതിർത്തി കടക്കാൻ പോലും ഈജിപ്തുമായി സൗഹൃദത്തിലായ ഇസ്രായേൽ സമ്മതിക്കില്ല. ഇതിനെയെല്ലാം തരണം ചെയ്ത് ഒരു 'അപരിഷ്കൃത' സംഘം ഇസ്രയേലിനെ ഞെട്ടിച്ചുവെങ്കിൽ പുതിയൊരു ചരിത്രം പിറക്കുകയാണ്. അത് പോരാട്ട ഭൂമികയിൽ തളച്ചിടപ്പെട്ട എല്ലാ മനുഷ്യർക്കും ഒരു പാഠമാണ്.

1973ൽ ഇതേ ദിവസം സംഭവിച്ച തിരിച്ചടി അടക്കം അഞ്ചോളം സന്ദർഭങ്ങളിൽ ഇസ്രായേൽ ഓർക്കാപ്പുറത്തെ തിരിച്ചടി നേരിട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലൊക്കെ ഞൊടിയിടകൊണ്ടെന്നവണ്ണം ഇസ്രായേൽ തിരിച്ചടിക്കുകയും പൂർവ സ്ഥിതിയിലേക്ക് തിരിച്ചുപോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒക്ടോബർ ആക്രമണം ഇസ്രായേൽ രാഷ്ട്രത്തെ മാത്രമല്ല അവിടെയുള്ള മുഴുവൻ ജനങ്ങളെയും ഭീതിയുടെ ആഴക്കടലിലേക്ക് തള്ളിവിട്ടിട്ടുണ്ട്. യുദ്ധങ്ങൾ പലതുണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും ഇസ്രേലിനകത്ത് വസിക്കുന്ന പൗരന്മാരെ അതൊന്നും വേണ്ടവിധം ബാധിച്ചിരുന്നില്ല. അവർ തങ്ങളുടെ വീടുകളിലും ബങ്കറുകളിലും സുരക്ഷിതരായിരുന്നു. മുൻ ആക്രമണങ്ങളിൽ ഒന്നിലും ഇത്രയധികം ബന്ദികൾ പിടിക്കപ്പെട്ടിരുന്നില്ല. ഇത്രയെണ്ണം ആളുകളും പട്ടാളക്കാരും മരിക്കുകയുണ്ടായിട്ടില്ല. ഗസ്സക്ക് ചുറ്റും ആകാശവീചിയടക്കം പഴുതടച്ച സെക്യൂരിറ്റി സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നിട്ടും അൽ അഖ്‌സ പ്രളയം സംഭവിക്കുക തന്നെ ചെയ്തു.

കരയുദ്ധത്തിലൂടെ മണിക്കൂറുകൾ കൊണ്ട് ഹമാസിനെ തരിപ്പണമാക്കി, ഗാസയെ മരുപ്പറമ്പാക്കി, വിജനമാക്കി വിജയശ്രീലാളിതരായി തിരിച്ചുവരാമെന്ന് വീമ്പിളക്കിയാണ് ഇസ്രായേൽ പുറപ്പെട്ടത്. കരയുദ്ധത്തിന് സ്വാഗതമോതിക്കൊണ്ട് ഹമാസിന്റെ അബു ഉബൈദ അന്നേ ഒരു കാര്യം പറഞ്ഞു, ‘ഈ യുദ്ധം ലോക സൈനിക ചരിത്രത്തിൽ ഇടംപിടിക്കുന്ന, മിലിറ്ററി അക്കാദമികൾക്ക് പഠനവിധേയമാക്കാവുന്ന ഒരു അധ്യായമാകാൻ പോകുകയാണ്. ഇസ്രാഈലിന്റെ ശവമഞ്ചമൊരുക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്’. നൂറ് ദിവസങ്ങൾ പിന്നിട്ട ഇതുവരെയുള്ള നേരിട്ടുള്ള പോരാട്ടങ്ങളിൽ ഒന്നിലും ഇസ്രായേലിന് വിജയിക്കാൻ സാധിച്ചിട്ടില്ല. യഹ്‌യ സിൻവാറിനെയോ സഹോദരനെയോ അബു ഉബൈദയെയോ അറിയപ്പെടുന്ന ഒരു നേതാവിനെയോ ഒന്നും തൊടാൻ ഇസ്രായേലിന് പറ്റിയിട്ടില്ല. ഒരൊറ്റ ബന്ദിയെ പോലും മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. 

ചുരുക്കത്തിൽ, ഇത്തവണ ഇസ്രായേലിന്റെ പോരാട്ടങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇനി യുദ്ധം വിജയിക്കുമോ എന്ന് കണ്ടറിയണം. മുള്ളിനെ മുള്ളുകൊണ്ടേ എടുക്കാൻ സാധിക്കൂ എന്ന പാഠം ഹമാസ് ലോകത്തെ പഠിപ്പിക്കുന്നു. ഇസ്രായേൽ ചരിത്രത്തിലാദ്യമായി അരക്ഷിതത്വം എന്തെന്നനുഭവിക്കുന്നു. ഹമാസ് ലോകമനസ്സിൽ ഇടംപിടിക്കുന്നു. ഈ കാഴ്ചകൾ വിസ്മയാവഹവും ചരിത്രം സൃഷ്ടിക്കലുമാകുന്നു. 
---

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...