(നവ.16ന് ഇസ്മായിൽ ഹനിയ്യയുടെ പ്രസംഗം)
ഫലസ്തീൻ പോരാളികൾ 41 ദിവസമായി കടുത്ത പോരാട്ടത്തിലാണ്. അന്തസ്സുയർത്തിയ അഭിമാന പോരാട്ടം. അമേരിക്കയുടെ പരിധിയില്ലാത്ത സൈനിക പിന്തുണയോടെ നിലകൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ഭീകര സൈന്യത്തോട് ഏറ്റുമുട്ടി തുല്യതയില്ലാത്ത പോരാട്ടചരിത്രം തീർക്കുന്ന പോരാളികളുടെ പ്രഹരങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് ശത്രുക്കൾ കരുതിയ അവരുടെ അത്യാധുനിക കവചിത സൈനിക വാഹനങ്ങൾ തകർത്തും സൈനിക താവളങ്ങളിൽ കടന്നുകയറി ശക്തമായ പ്രഹരമേൽപിച്ചും അവർ മുന്നേറുകയാണ്.
'നിങ്ങൾക്കുമേൽ നാം അതിശക്തമായ ആയോധനശേഷിയുള്ള നമ്മുടെ ദാസന്മാരെ അയച്ചിരിക്കുന്നു' എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം അവർ അന്വർത്ഥമാക്കുകയാണ്. അല്ലാഹു അവർക്ക് പ്രത്യേകമായ ശക്തിയും ശേഷിയും നൽകിയിരിക്കുന്നു. അല്ലാഹുവിന്റെ ഉദ്ദേശ്യം നടപ്പിലാക്കുവാൻ അവൻ ഏൽപിച്ചവതാണവരെ.
ഗസ്സയിലെ ജനതയുടെ ഈ സമർപ്പണവും വിശ്വാസവും സ്ഥൈര്യവും ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി. അനേകായിരം കുട്ടികളെയും ഉമ്മമാരെയും സഹോദരിമാരെയും പ്രായമേറിയവരെയും പോരാളികളെയും നൽകിയും, ജീവിത വിഭവങ്ങൾ മുഴുവൻ സമർപ്പിച്ചും നമ്മുടെ ജനത ഒടുക്കുന്ന വില വളരെ വളരെ വലുതാണെങ്കിലും ഒക്ടോബർ 7 നു നാട്ടിയ വിജയക്കൊടി താഴ്ത്താൻ അനുവദിക്കാതെ അവർ മുന്നേറുകയാണ്. വെസ്റ്റ് ബാങ്കിലും നമ്മുടെ ജനത അധിനിവേശ ഭീകര സൈന്യവും കടന്നുകയറ്റക്കാരും സംയുക്തമായി നടത്തുന്ന അക്രമങ്ങളെ സുധീരം ചെറുത്തുകൊണ്ടിരിക്കുന്നു.
ഗസ്സയിലെ ആതുരാലയങ്ങൾക്ക് മേൽ അധിനിവേശ ഭീകര ശത്രു നടത്തുന്ന അക്രമങ്ങൾ ലോകത്തെ സകല നിയമങ്ങളും കീഴ് വഴക്കങ്ങളും മാനുഷിക മൂല്യങ്ങളും ചവിട്ടിയരച്ചിരിക്കുന്നു. അൽഷിഫ സമുച്ചയത്തിൽ കള്ളവാദങ്ങൾ നിരത്തി ആരംഭിച്ച ആക്രമണങ്ങൾ ലോകം മുഴുവൻ നോക്കിനിൽക്കെ ശത്രു താണ്ഡവം തുടരുന്ന ഈ സാഹചര്യത്തിൽ ചിലകാര്യങ്ങൾ ഊന്നിപ്പറയുകയാണ്.
ഒന്ന്, ഫലസ്തീന്റെയും ഖുദ്‌സിലെ പുണ്യഗേഹങ്ങളുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉമ്മത്തിന്റെ ഈ പോരാട്ടം ഒട്ടും പിന്നോട്ടില്ലാതെ അല്പം പോലും തലകുനിക്കാതെ ലക്ഷ്യം നെടുവോളം തുടരും. സയണിസ്റ്റ് ശത്രുവിനോട് ഞങ്ങൾ നടത്തുന്ന ഈ സ്ട്രാറ്റജിക് പോരാട്ടം അല്ലാഹുവിന്റെ അനുമതിയോടെയും സഹായത്തോടെയും വിജയം കണ്ടേ അവസാനിക്കൂ എന്നതിൽ ഞങ്ങൾക്ക് കടുകിട സംശയമില്ല. ശത്രു സുദീര്‍ഘ പോരാട്ടമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങളുടെ ശ്വാസം അവരുടേതിനേക്കാൾ സുദീർഘമാണ്. ഖസ്സാം ബ്രിഗേഡും മറ്റു പോരാട്ട സംഘങ്ങളും അധിനിവേശത്തെ ഗസ്സയിൽ നിന്ന് പുറത്താക്കും, 18 വർഷങ്ങൾക്ക് മുമ്പ് പുറത്താക്കിയത് പോലെ. ശേഷം മുഴുവൻ ഫലസ്തീൻ ഭൂമിയിൽ നിന്നും അധിനിവേശത്തെ അല്ലാഹുവിന്റെ അനുമതിയോടെ പുറത്താക്കുന്നത് ലോകം കാണും.
രണ്ട്, 41 ദിവസങ്ങളിലെ പോരാട്ടത്തിൽ നമ്മുടെ ജനതയും വീരപോരാളികളും ശത്രുവിന്റെ ഗൂഡപദ്ധതികൾ തകർത്തിരിക്കുന്നു. ഫലസ്തീനികളെ പലായനം ചെയ്യിക്കുവാനോ തടവുകാരെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കുവാനോ അധിനിവേശത്തിന് സാധിക്കില്ല. ചെറുത്തുനിൽപ് നിശ്ചയിക്കുന്ന വില ഒടുക്കിയല്ലാതെ ഒരു തടവുകാരെയും മോചിപ്പിക്കുക സാധ്യമല്ല.
മൂന്ന്, അറബ് ഇസ്ലാമിക അടിയന്തിര ഉച്ചകോടി ഞങ്ങൾ വീക്ഷിച്ചു. യുദ്ധം ഉടൻ നിർത്തി ഗസ്സയുടെ മേലുള്ള ഉപരോധം ഉടൻ അവസാനിപ്പിക്കാനും, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും അവരുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവും സംബന്ധമായ ഉച്ചകോടി പ്രമേയങ്ങൾ വൈകാതെ നടപ്പാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട വിവിധ രാജ്യപ്രതിനിധികൾ അടങ്ങുന്ന കമ്മറ്റി ഉടൻ പ്രവർത്തിപദത്തിൽ വരേണ്ടതുണ്ട്. അറബ് മുസ്‌ലിം നേതാക്കളോടും സമൂഹത്തോടും ഒരുകാര്യം ഇവിടെ ഉണർത്തുകയാണ്, ഫലസ്തീൻ ചെറുത്തുനിൽപിന് ഇത്ര ശക്തമായി ശത്രുവിനെ പ്രഹരിക്കാൻ പ്രാപ്തമായതിൽ നിങ്ങൾക്കും അഭിമാനിക്കാം. അധിനിവേശ ശത്രുവിനെ ശക്തമായി ചെറുക്കുകയെന്ന അറബ് മുസ്ലിം ലോകത്തിന്റെ ഇന്നിന്റെ മുൻഗണനയാണവർ നടപ്പാക്കുന്നത്.
നാല്, ഇന്നലെ യുഎൻ സുരക്ഷാസമിതി ഗസ്സ യുദ്ധത്തെ കുറിച്ച് പ്രത്യേകപ്രമേയം പാസാക്കുകയും അധിനിവേശം അതിനെ ഉടനെ തള്ളിക്കളയുകയും ചെയ്തു. ഒരു അന്താരാഷ്ട്ര നിയമവും ബാധകമല്ലാത്ത നിയമാതീത സംവിധാനമാണ് സയണിസ്റ്റ് അധിനിവേശമെന്ന അഹങ്കാരം വീണ്ടും ലോകം കണ്ടു. സുരക്ഷാസമിതിയുടെ ഈ പ്രമേയം അപൂർണമാണെന്ന് പറയാതെ വയ്യ. ഗസ്സയിലും വെസ്റ്റ് ബാങ്കിലും സയണിസ്റ്റ് അധിനിവേശത്തിന്റെ അതിഭീകരമായ യുദ്ധക്കുറ്റങ്ങളെയും വംശീയ ഉന്മൂലനത്തെയും വ്യക്തമായും കൃത്യമായും പ്രമേയത്തിൽ തള്ളിക്കളയേണ്ടിയിരുന്നു. സയണിസ്റ്റ് ആക്രമങ്ങൾ ഉടൻ അവസാനിപ്പിക്കുവാനും അതിർത്തികൾ തുറക്കുവാനും ഗസ്സയിലെക്ക് അനിവാര്യ വസ്തുക്കൾ എത്തിക്കുന്നത് തടയാതിരിക്കുവാനും ഗസ്സയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധം പൂർണമായി അവസാനിപ്പിക്കുവാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഇനിയും വൈകരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്. ഫലസ്തീൻ ജനതയുടെ സ്വാന്തത്ര്യവും അവരുടെ ഭൂമിയിൽ ഖുദ്‌സ് തലസ്ഥാനമായി സ്വന്തമായ രാജ്യം സ്ഥാപിക്കുവാനുള്ള അവകാശവും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും ആവശ്യപ്പെടുകയാണ്. ഇതെല്ലം ഫലസ്തീൻ ജനതക്ക് നിരുപാധികം അനുവദിക്കേണ്ട നിയമപരമായ അവകാശമാണെന്ന് കൂടി ഞങ്ങൾ ഓർമിപ്പിക്കുന്നു.
അഞ്ച്, മേഖലയിൽ ശത്രുതയുടെ വിത്ത് പാകി വളർത്തിയ സയണിസ്റ്റ് ശത്രുവിനോടും അവരെ പിന്തുണക്കുന്ന എല്ലാവരോടുമായി പറയുന്നു, ഗസ്സയുടെ ഭൂമിശാസ്ത്രമോ രാഷ്ട്രീയ സാഹചര്യമോ തൽസ്ഥിതി യാഥാർഥ്യമോ മാറ്റിയെടുക്കാം എന്ന വ്യാമോഹം ആർക്കും വേണ്ട. ഹ.മാ.സ് അതിന്റെ നാട്ടിൽ വേരൂന്നിയ, ജനതയിൽ പടർന്നു പന്തലിച്ച മുന്നേറ്റമാണ്. ശത്രുവിനോ ശത്രുപക്ഷം ചേർന്നവർക്കോ പിന്തുണക്കുന്നവർക്കോ പൊരുതുന്ന ഗസ്സയുടെ തൽസ്ഥിതി മാറ്റിയെടുക്കാൻ കഴിയില്ല. അധിനിവേശ ശത്രു തോന്നിയത് പ്രചരിപ്പിക്കട്ടെ, അവരുടെ ലക്ഷ്യത്തിന്റെ പരിധി തോന്നിയ പോലെ ഉയർത്തട്ടെ. അതെല്ലാം അല്ലാഹുവിന്റെ പിന്തുണയോടെ, ജനതയുടെ നിശ്ചയ ദാർഢ്യവും പോരാളികളുടെ വീര്യവും ഉമ്മത്തിന്റെയും സ്വാതന്ത്രലോകത്തിന്റെയും പിന്തുണയും കയ്യിലേന്തി ഞങ്ങൾ തകർക്കും. ലോകം മുഴുവൻ കേട്ടുകൊൾക - ഗസ്സയിലെയും ഫലസ്തീൻ ഭൂമിയുടെ മറ്റിടങ്ങളിലെയും ഭാവി എങ്ങിനെയായിരിക്കണമെന്ന് തീരുമാനിക്കുന്ന ഒരേയൊരു കൂട്ടർ സ്വതന്ത്ര ഫലസ്തീൻ ജനത മാത്രമായിരിക്കും. നിശയദാർഢ്യത്തോടെ തീർത്തും സ്വതന്ത്രമായി അവരെടുക്കുന്ന തീരുമാനമായിരിക്കും അവിടെ നടപ്പാക്കുക.
തുല്യതലയില്ലാത്ത പോരാട്ട ചരിത്രം തീർത്തുകൊണ്ടിരിക്കുന്ന എന്റെ സമൂഹത്തിന് ഭാവുകങ്ങൾ. മുസ്‌ലിം ഉമ്മത്തിന്റെ മുൻനിരയും ദൈവസഹായം അനുഭവിക്കുന്ന സൈന്യവുമായി ഇൻഷാഅല്ലാഹ് മാറിക്കഴിഞ്ഞ ഗസ്സയിലെ പോരാളികൾക്ക് ഭാവുകങ്ങൾ. ഗസ്സയിലെ പോരാട്ടത്തെ നെഞ്ചേറ്റിയ, ശത്രുവിന്റെ അതിക്രമങ്ങൾക്കെതിരെ ക്രുദ്ധരായിക്കൊണ്ടിരിക്കുന്ന അറബ് മുസ്ലിം ജനതക്ക് ഭാവുകങ്ങൾ. മുസ്‌ലിം ഉമ്മത്തിനോട് പ്രത്യേകമായി പറയട്ടെ, ഗസ്സ ഉമ്മത്തിന്റെ പുതിയൊരു ചരിത്രം രചിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഉണ്ടായിട്ടില്ലാത്ത പോരാട്ട ചരിതം. കഷ്ടതകളുടെ ഗർഭപാത്രത്തിൽ പിറവിയെടുത്ത് ഉപരോധത്തിന്റെ തേറ്റകൾക്കിടയിൽ വളർന്ന് പുതിയ സ്ട്രാറ്റജികൾ തീർക്കുന്നതെങ്ങിനെയാണെന്ന് ലോകത്തിന് മുഴുവൻ കാണിച്ചു കൊടുക്കുന്ന ഗസ്സ സയണിസ്റ്റ് പദ്ധതികളുടെ മൂർദ്ധാവിൽ ഏറ്റവും ശക്തമായ പ്രഹരം ഏൽപിച്ചിരിക്കുന്നു.
തൂഫാനുൽ അഖ്‌സ പോരാട്ടം മുഴുവൻ ഉമ്മത്തിന്റെയും പോരാട്ടമാണ്. അതിനെ സാമ്പത്തികമായും സൈനികമായും പോരാട്ടത്തിലൂടെയും സഹായിക്കുകയെന്ന ബാധ്യത നിറവേറ്റുന്നതിന് അറബ് മുസ്ലിം ഉമ്മത്തിനു മുന്നിൽ ഒരുതടസ്സവും ഇനി ഉണ്ടായിക്കൂടാ. ഈ തൂഫാന്റെ ഒഴുക്ക് മുന്നോട്ട് ഗമിച്ചു ഖുദ്‌സും ഫലസ്തീൻ ഭൂമി മുഴുവനും സ്വതന്ത്രമാകുന്നതിന് വേണ്ടി പിന്തുണക്കുവാൻ ഒരിക്കലും മടിച്ചുനിൽക്കരുത്.
തെരുവുകളും നഗരങ്ങളും ഇളക്കിമറിച്ചുകൊണ്ട് ഗസ്സയെ പിന്തുണക്കുകയും, അധിനിവേശത്തിനൊപ്പം ചേരുന്ന തങ്ങളുടെ സർക്കാരുകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഴുവൻ ലോകസമൂഹങ്ങൾക്കും അഭിവാദ്യങ്ങൾ.
പോരാളികളുടെ എല്ലാ മുന്നേറ്റങ്ങൾക്കും അഭിവാദ്യങ്ങൾ. നമ്മുടെ ലക്‌ഷ്യം നേടുംവരെയും നാം മുന്നോട്ട് പോവും. അല്ലാഹുവിന്റെ സഹായം ഉടനെയുണ്ടാവും.
"വിശ്വാസികളെ, ഉറച്ചു നിൽക്കൂ പരസ്പരം ഉറപ്പിച്ചു നിർത്തൂ സുസജ്ജരായിരിക്കൂ ജീവിതത്തിൽ അല്ലാഹുവിനെ സൂക്ഷിക്കൂ നിങ്ങൾ വിജയം വരിച്ചേക്കും."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ