2023 നവംബർ 7, ചൊവ്വാഴ്ച

ഇസ്രായേൽ പൂർണ്ണ പരാജയത്തിലേക്ക്, ഖുദുസിന്റെ വിമോചനം ഒരു വിളിപ്പാടകലെ.

Occupational war is a costly affair. പരമാവധി നീട്ടിക്കൊണ്ടുപോയാൽ എത്ര ശക്തനായ ശത്രുവിനെയും പരാജയപ്പെടുത്താം എന്ന് തെളിയിച്ചത് അമേരിക്കൻ അധിനിവേശത്തിനെതിരായ താലിബാന്റെ പോരാട്ടമാണ്. ഒരു യുദ്ധതന്ത്രം എന്ന നിലയിൽ തന്നെ താലിബാൻ പരീക്ഷിച്ചു വിജയിപ്പിച്ചതാണത്. യുദ്ധം ഒരിക്കലും നിറുത്തരുത്, സീസ് ഫയറിനു വേണ്ടി ശത്രുവിന്റെ ഒരു ഉപാധിയും അംഗീകരിക്കരുത്. അങ്ങോട്ട് നിർദേശിച്ച ഉപാധികൾ മുഴുവൻ ഏകപക്ഷീയമായി പാലിക്കാൻ തയ്യാറാവാതെ യുദ്ധം അവസാനിപ്പിച്ച് പിന്തിരിയാൻ ശത്രുവിനെ അനുവദിക്കുകയും ചെയ്യരുത് എന്നതായിരുന്നു അവരുടെ സ്ട്രാറ്റജി. 

ശത്രുവിന് നാശനഷ്ടങ്ങൾ ഉണ്ടാക്കുക എന്നതിലേറെ ഹമാസിന്റെ ഹോം മെയ്ഡ് മിസൈലുകളുടെ ലക്ഷ്യം അതിൻറെ അനേകമിരട്ടി ചെലവുകൾ വരുന്ന അയേൺ ഡോം ഇന്റർസെപ്റ്ററുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ ഇസ്രായേലിൽ ഉണ്ടാവുന്ന വൻ സാമ്പത്തിക നഷ്ടം ആണ്. 

ഗസ്സയിലെ ഓരോ കെട്ടിടവും തകർക്കാൻ ഇസ്രായേൽ ഉപയോഗിക്കുന്ന ഓരോ മിസൈലുകൾക്കും ആ കെട്ടിടത്തിന്റെ എത്രയോ ഇരട്ടി പണച്ചെലവാണ് വരുന്നത്. 

ഹമാസിന്റെ ടണലുകൾ തകർക്കാൻ കോടികൾ വിലമതിക്കുന്ന ബംഗർ ബസ്റ്റർ ബോംബുകളാണ് പ്രയോഗിക്കേണ്ടി വരുന്നത്. ടണലുകൾക്ക് മുകളിൽ തന്നെ കൃത്യമായി അതു പതിച്ചില്ലെങ്കിൽ അതിൻറെ കാശും പോയി. കൃത്യമായി പതിച്ചാൽ പോലും ടണലുകളുടെ ഏതെങ്കിലും പ്രത്യേക ഭാഗം മാത്രമേ അതിന് തകർക്കാൻ കഴിയൂ. ചുരുങ്ങിയ ചെലവിൽ ഹമാസിന് അത് പുനർനിർമ്മിക്കാനും കഴിയും. ഇതിലേറെ ചെലവ് കുറഞ്ഞത് ഇസ്രായേൽ വികസിപ്പിച്ച സ്പോഞ്ച് ബോംബുകളാണ്. പക്ഷേ അത് ടണലുകളുടെ ഏതെങ്കിലും ഒരു ഭാഗം നിയന്ത്രണത്തിൽ ആയാൽ മാത്രമേ സൈന്യത്തിന് കൃത്യമായി പ്രയോഗിക്കാൻ കഴിയൂ. പുറത്തേക്ക് ഒരുപാട് വഴികളും ഇടക്ക് ഷട്ടറുകളും എല്ലാം ഉള്ളതുകൊണ്ട് ടണലുകൾ പൂർണമായി തകർക്കാനോ ടണലുകളിൽ ഉള്ള പോരാളികളെ നശിപ്പിക്കാനോ അതുകൊണ്ടും കഴിയില്ല.

മൊസാദിന്റെ കേളികേട്ട ഇന്റലിജൻസ് വീര കഥകളും അയേൺ ഡോം പോലുള്ള അത്യന്താധുനിക ആയുധങ്ങളെയും കുറിച്ച് അവർ തന്നെ പ്രചരിപ്പിക്കുന്ന അപസർപ്പക കഥകളാണ് ആയുധ വിപണിയിൽ ഇസ്രായേലിനെ മുൻനിരയിൽ എത്തിച്ചത്. ആ ഊതി വീർപ്പിച്ച ബലൂണുകളൊക്കെ പൊട്ടിക്കഴിഞ്ഞു. വെറും ഹോം മെയ്ഡ് ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സായുധ സംഘത്തെ പരാജയപ്പെടുത്താൻ പോലും സ്വന്തം ആയുധങ്ങൾക്ക് പുറമേ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ മുഴുവൻ സഹായം സ്വീകരിച്ചിട്ടും വിയർക്കേണ്ടി വരുന്ന ഇസ്രായേലിന്റെ ഗതികേട് ലോകം മുഴുവൻ കണ്ടു. അതുകൊണ്ടുതന്നെ കോടികളുടെ ആയുധ വിപണിയിൽ നിന്നുള്ള വരുമാനം ഇനി അധികം പ്രതീക്ഷിക്കേണ്ട. 

അബ്രഹാം അക്കോഡുമായി മുന്നോട്ടു പോകാൻ ഇനി ഒരു അറബ് ഏകാധിപതിക്കും കഴിയില്ല. അതുവഴി ഉണ്ടാകുന്ന വൻ നേട്ടങ്ങളും ഇസ്രായേലിന് നഷ്ടപ്പെട്ടു കഴിഞ്ഞു. 

ഇസ്രായേലി സൈന്യം ഗസ്സയിലേക്ക് പ്രവേശിച്ചു കഴിഞ്ഞത് മുതൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ കണക്കുകളും ചിത്രങ്ങളും തകർക്കപ്പെടുന്ന ഇസ്രായേലി ടാങ്കുകളുടെയും ബുൾഡോസറുകളുടെയും വീഡിയോകളും ഹമാസ് തുടർച്ചയായി പുറത്തുവിട്ടു കൊണ്ടിരിക്കുന്നു (ഫേസ്ബുക്ക് എല്ലാം നീക്കം ചെയ്യുന്നുണ്ടെങ്കിലും). നമുക്ക് "വേദനാജനകമായ നഷ്ടങ്ങൾ" ഉണ്ടാവുന്നുണ്ട് എന്ന് ഇസ്രായിൽ തന്നെ ഔദ്യോഗികമായി സമ്മതിക്കുകയും കൊല്ലപ്പെട്ട സൈനികരിൽ ചിലരുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുമുണ്ട്. കൊല്ലപ്പെട്ട മുഴുവൻ സൈനികരുടെയും വിവരങ്ങൾ ഇസ്രായേൽ പുറത്തുവെട്ടാൻ നെതന്യാഹു രാജിവെക്കേണ്ടി വരും എന്ന് ഹമാസ് പരിഹസിക്കുന്നുമുണ്ട്. എന്നാൽ കരയുദ്ധത്തിൽ നേരിട്ടുള്ള ഓപ്പറേഷനിൽ ഇസ്രായേലിന് കൊല്ലാൻ കഴിഞ്ഞ ഹമാസ് പോരാളികളുടെ ഫോട്ടോയോ വിവരങ്ങളോ അവകാശവാദങ്ങളോ ഇസ്രായേലിൽ നിന്ന് വരുന്നുമില്ല. കര യുദ്ധം കൊണ്ട് ഹമാസിന് എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായതായി ഹമാസിന്റെ ഭാഗത്തുനിന്നും വിവരമൊന്നുമില്ല. ഗസ വീണു, വളഞ്ഞു, വിഭജിച്ചു എന്നൊക്കെ ഇസ്രായേൽ പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും ഗസ സിറ്റിക്ക് പുറത്തുള്ള വെളിപ്രദേശങ്ങളിൽ നിന്ന് ഉള്ളിലേക്ക് നീങ്ങാൻ ശ്രമിച്ച മിസൈലുകളെ അതിജീവിക്കാൻ കഴിയും എന്ന് അവകാശപ്പെട്ട മെക്കാവ ടാങ്കുകൾ നിന്ന് കത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്. മർക്കാവ ടാങ്കുകളുടെ ബ്ലൈൻഡ് സ്പോട്ടുകളെയും ദുർബല ഭാഗങ്ങളെയും കുറിച്ചുള്ള കൃത്യമായ ഇൻറലിജൻസ് വിവരങ്ങൾ ഇറാനിൽ നിന്നും റഷ്യയിൽ നിന്നും മറ്റോ ഹമാസിന് ലഭിച്ചിട്ടുണ്ടാവണം എന്നും ഊഹിക്കാം. ടാങ്കുകളുടെ തൊട്ടടുത്തായി ടണലുകളിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പൊടുന്നനെ അക്രമിച്ച് ഓടിമറയുന്ന തന്ത്രമാണ് ഹമാസ് വിജയകരമായി നടപ്പാക്കുന്നത്. 

ദുർബലമാണെങ്കിലും ഇസ്രായേലി നഗരങ്ങളിലേക്കുള്ള ഹമാസിന്റെയും ഹിസ്ബുല്ലയുടെയും തുടർച്ചയായ മിസൈൽ വർഷങ്ങളും കൂടെക്കൂടെ ജനങ്ങളുടെ ബംഗറിലേക്കുള്ള ഓട്ടപാച്ചിലും ബന്ധികളെ വീണ്ടെടുക്കുന്ന കാര്യത്തിലുള്ള പൂർണ്ണ പരാജയവും ജനങ്ങളുടെ ആത്മവിശ്വാസം പൂർണമായി തകർത്തു കഴിഞ്ഞു. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലും ഒരു പുരോഗതിയും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. യുദ്ധ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ കഴിയാത്ത ഈ യുദ്ധം പിന്നെ എന്തിനുവേണ്ടിയാണ് നീട്ടിക്കൊണ്ടുപോകുന്നത് എന്ന് ഇസ്രായേലിലെ ജനങ്ങൾ തന്നെ നെതന്യാഹുവിനോട് രോഷാകുലരായി ചോദിച്ചു കൊണ്ടിരിക്കുന്നു. ഹമാസ് വിരിച്ച വലയിൽ നെതന്യാഹു വീണു കഴിഞ്ഞു, ഹമാസിന്റെ തിരക്കഥ പ്രകാരമാണ് ഇപ്പോൾ യുദ്ധം മുന്നോട്ട് പോകുന്നത് എന്ന് ഇസ്രായേൽ ബുദ്ധിജീവികൾ തന്നെ കുറ്റപ്പെടുത്തുന്നു. 

ഹമാസ് ഇസ്രായേലി സൈനികരെയും അവരുടെ ക്യാമ്പുകളേയും രാഷ്ട്രീയ താല്പര്യങ്ങളേയും ലക്ഷ്യം വെച്ചാണ് എപ്പോഴും അക്രമിക്കുന്നത്. അവർ ഒരിക്കലും സിവിലിയൻസിനെ ലക്ഷ്യമാക്കാറില്ല. വല്ലപ്പോഴും സിവിലിയൻസ് ഒറ്റപെട്ടതായി കൊല്ലപ്പെട്ടാൽ തന്നെ അത് കൊളാക്ടറൽ ഡാമേജ് മാത്രമാണ് എന്ന വസ്തുത ലോകം കാണുന്നുണ്ട്. ബന്ധികളോട് അവർ ഏറ്റവും നല്ല നിലയിലാണ് പെരുമാറുന്നത് എന്നും ലോകം കണ്ടു. മറുഭാഗത്ത് ഇസ്രായേൽ ലക്ഷ്യം വെക്കുന്നത് തന്നെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ആശുപത്രികളും സ്കൂളുകളും ഒക്കെയാണ്. അതിനിടയിൽ വല്ല ഹമാസുകാരും പെട്ടുപോയാൽ ആയി എന്നത് മാത്രമാണ് അവരുടെ ന്യായം. ഒരുഭാഗത്ത് നിരപരാധികളായ സ്ത്രീകളും മറുഭാഗത്ത് സൈനികരും മാത്രം മരിച്ചു വീഴുന്നത് യുദ്ധത്തിൻറെ എത്തിക്സ് ആരാണ് പാലിക്കുന്നത് എന്നതിനുള്ള കൃത്യമായ അളവുകോലയാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക. ഇസ്രായേലിന് നിരപരാധികളെ കൊല്ലാൻ ന്യായമായി പറയാറുള്ള , ഹമാസ് അവരെ ഹ്യൂമൻ ഷീൽഡ് ആക്കുന്നു എന്ന പതിവ് ന്യായത്തിന്റെ പൊള്ളത്തരം ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു. 

ചുരുക്കത്തിൽ ഇസ്രായേൽ ഈ യുദ്ധത്തിൽ രാഷ്ട്രീയമായും സൈനികമായും നയതന്ത്ര പരമായും പരാജയപ്പെട്ടു കഴിഞ്ഞു. ഇനി യുദ്ധം നീണ്ടുപോകുന്ന ഓരോ ദിവസങ്ങളും പരാജയത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഒരുപാട് കൊല്ലാൻ കഴിയുന്നത് ഒരു വിജയമായി നമ്മുടെ നാട്ടിലെ സംഘികൾക്ക് മാത്രമേ കാണാൻ കഴിയൂ.  

ഈ യുദ്ധ പരാജയവും തുടർന്നുള്ള സാമ്പത്തിക തകർച്ചയും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല, ഇസ്രായേലികളുടെ ആത്മവിശ്വാസവും പൂർണമായി തകർക്കും. ശേഷിയുള്ളവർ മുഴുവൻ പതിയെ ഇസ്രായേൽ ഉപേക്ഷിച്ച് തങ്ങളുടെ നാടുകളിലേക്ക് മടങ്ങും. ആ പ്രവണത ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. ചുരുക്കത്തിൽ ഇസ്രായേലിന്റെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. ഖുദുസിന്റെ വിമോചനം ഒരു വിളിപ്പാടകലെ. ഈ മാർഗ്ഗത്തിൽ രക്തവും വിയർപ്പും സമ്പത്തും സമർപ്പിക്കാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാർ. ചരിത്രത്തിലെ അവരുടെ ജീവിത നിയോഗം നിർവഹിക്കാൻ കഴിഞ്ഞ മഹാഭാഗ്യവാന്മാർ. നോമ്പും പ്രാർത്ഥനകളും പ്രതിഷേധങ്ങളും പ്രചരണങ്ങളുമായി അവരുടെ കൂടെ നിൽക്കാൻ മനസ്സുകൊണ്ട് എങ്കിലും കഴിഞ്ഞവർക്ക് അതിനെങ്കിലും കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാം. കുത്തിതിരിപ്പും കുന്നായ്മയും മാത്രം പറഞ്ഞു നടന്നവരും ശത്രുക്കളുടെ വാലാട്ടികളും ഖുദുസിന്റെ ചരിത്രത്തിൽ പലവട്ടം ആവർത്തിച്ച സമാനമായ ദുരന്ത കഥാപാത്രങ്ങൾ മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...