ഇന്ത്യയിലെ ജനലക്ഷങ്ങളുടെ നാവുകളിൽ നിന്നും ഉച്ചരിക്കപ്പെടുന്ന നാമം. ഡൽഹിയുടെ ആത്മീയ സാന്നിധ്യമായ മഹ്‌ബൂബേ ഇലാഹി ഹസ്രത്ത് നിസാമുദ്ദീൻ (റ) തങ്ങളുടെ ദർഗാ ശരീഫിന്റെ അടുത്തുള്ള പ്രധാന Railway Station-ന്റെ പേര് 'ഹസ്രത്ത് നിസാമുദ്ദീൻ' എന്നാണ്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് പോകുന്ന പ്രീമിയം ട്രെയിനുകളായ രാജധാനി എക്‌സ്‌പ്രസുകൾ അടക്കമുള്ള പല ട്രെയ്നുകളും സർവീസ് ആരംഭിക്കുന്നത് ഈ സ്റ്റേഷനിൽ നിന്നായതിനാൽ അവയുടെ പേരിലും ഹസ്രത്ത് നിസാമുദ്ദീൻ എന്ന് കാണാം. (ഉദാഹരണം: Train # 12431 Trivandrum - Hazrat Nizamuddin Rajdhani Express, Train # 12433 Chennai - Hazrat Nizamuddin Rajdhani Express, Train # 22691 Bangalore - Hazrat Nizamuddin Rajdhani Express). ഇവ കടന്നു പോകുന്ന സ്റ്റേഷനുകളിൽ വരുന്ന അറിയിപ്പുകളിലും ഈ പേര് മുഴങ്ങുന്നു.
ഖാജാ ഹസ്രത്ത് നിസാമുദ്ദീൻ (റ) വിന്റെ പേര് അല്ലാഹു ഈ രീതിയിൽ പ്രസിദ്ധപ്പെടുത്തി ആദരിച്ചതാവാം. ഒരിക്കൽ തന്റെ ഗുരു നിസാമുദ്ദീൻ അവർകളോട് പറഞ്ഞുവത്രേ: 'നിന്റെ നാമം എന്നും ജനങ്ങളുടെ നാവിലുണ്ടാവും'.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ സ്വാധീനം ചെലുത്തിയ സ്വൂഫീ മഹാത്മാവാണ് ഹസ്രത്ത് നിസാമുദ്ധീൻ (റ). യു.പി. യിലെ ബദായൂനിൽ ആണ് ജനനം. മാതാപിതാക്കൾ സയ്യിദുനാ ഹുസൈൻ (റ) വിന്റെ പരമ്പരയിലുള്ളവരാണ്. അഞ്ചാം വയസ്സിൽ മാതാവിൽ നിന്ന് ഖുർആൻ മനഃപാഠമാക്കി. ശേഷം മൗലാനാ അലാവുദ്ദീൻ (റ), മൗലാനാ ശംസുദ്ദീൻ (റ) തുടങ്ങിയ ഉസ്താദുമാരിൽ നിന്നും ഫിഖ്ഹ്, ഹദീസ്, ഇൽമുൽ കലാം, മൻതിഖ്, ഫൽസഫ തുടങ്ങിയ ഇൽമുകൾ കരസ്ഥമാക്കി.
പതിനാറാമത്തെ വയസ്സിൽ മഹാനവർകൾ ഡൽഹിയിൽ എത്തുകയും ശൈഖുൽ ഹദീസ് മൗലാനാ കമാലുദ്ദീൻ (റ) വിൽ നിന്ന് സനദ് കരസ്ഥമാക്കുകയും ചെയ്തു. ചിശ്തി ആത്മീയ വഴിയിൽ ശൈഖ് ബാബ ഫരീദുദ്ധീൻ (റ) വിന്റെ ശിഷ്യത്വം നേടുകയും അവിടുത്തെ ഖലീഫ ആവുകയും ചെയ്തു. [ഹസ്രത്ത് നിസാമുദ്ധീൻ (റ) - ശൈഖ് ബാബ ഫരീദുദ്ധീൻ (റ) - ശൈഖ് ഖുതുബുദ്ധീൻ ബഖ്തിയാർ കാക്കി (റ) - ശൈഖ് ഖാജാ മുഈനുദ്ധീൻ ചിശ്തി (റ)].
*ഹി. 725 റബീഉൽ ആഖിർ 18 നാണ് മഹാൻ വഫാത്തായത്.* നിങ്ങൾ ഓതുന്ന ഫാതിഹ, യാസീൻ,... മഹാനവർകൾക്കും അവരുടെ പിതാക്കൾക്കും ഗുരുക്കന്മാർക്കും ഹദ്‌യ ചെയ്യുമല്ലോ. അവരുടെ കൂടുതൽ ചരിത്രം ഇൻശാ അല്ലാഹ്, പിന്നീട് വായിക്കാം. അല്ലാഹു അവരുടെ ദറജകൾ ഉയർത്തട്ടെ ആമീൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ