കഠിന സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന റമദാൻ അഭൂതപൂർവമായ കഴിവുകൾ കാണിച്ചു. ഉപരോധങ്ങൾക്കും ബന്ധനങ്ങൾക്കുമിടയിൽ അവന്റെ കഴിവുകളെ മാതാപിതാക്കൾ വളർത്തി. രണ്ടര വയസിൽ റമദാനിലെ 27ആം രാവിൽ സ്വന്തം നാട്ടിലെ വലിയ മസ്ജിദിൽ റമദാന്റെ കന്നിപ്രസംഗം. നാല് വയസ്സാകുമ്പോൾ അവൻ ചെയ്ത ഒരു ഗംഭീര വീഡിയോ ഉണ്ട്. ഷെയ്ഖ് റാത്തിബ് അന്നാബുൽസിയുടെ "ലാ തഖ്‌ലഖ്.. അല്ലാഹു മൗജൂദ്" (വിഷമിക്കേണ്ട, അല്ലാഹു ഇവിടെയുണ്ട്) എന്ന പ്രസംഗം സ്വന്തം ശൈലിയിൽ ചെയ്തത്. പിന്നീട് ഒരുപാട് പ്രബോധക സ്വഭാവമുള്ള ക്ലിപ്പുകൾ ചെയ്തിട്ടുണ്ട്. അതിനുമാത്രം വിവരവുമുണ്ട്. ഖുർആനിൽ പത്ത് ജുസ്ഉകൾ മനഃപാഠം. ഇമാം നവവിയുടെ നാൽപത് ഹദീസുകളും. ചരിത്രവും കഥകളും കവിത സമാഹാരങ്ങളും അടങ്ങുന്ന ആയിരത്തിലധികം പുസ്തകം വായിച്ചിട്ടുണ്ട്. പ്രവാചകരുടെ ചരിത്രവും സ്വഭാവവും വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ നിന്നാണ് വിദ്യാരംഭം. ചെറുപ്പം മുതൽ എന്നും ഖുർആൻ കേട്ട് ഉറങ്ങുന്ന ശീലം. എന്നും കുടുംബമൊന്നിച്ച് ഖുർആൻ പഠിക്കും, ചർച്ച ചെയ്യും...
ഇതൊക്കെ എന്തിനാണിപ്പോൾ പറയുന്നതെന്നല്ലേ. കഴിഞ്ഞ ദിവസം അവൻ ഒരു അവാർഡ് ഏറ്റുവാങ്ങുവാൻ കുവൈറ്റിൽ വരേണ്ടതായിരുന്നു. 'സഫീറുൽ ഹുബ്ബ്' (സ്നേഹദൂത്) ഷീൽഡ് അവന് സമ്മാനിക്കുവാൻ നിശ്ചയിച്ചത് കുവൈറ്റിലെ 'സവാഇദുൽ ഖൈർ' എന്ന ദഅവ ടിവി പ്രോഗ്രാമാണ്. യുദ്ധം കാരണം യാത്ര മുടങ്ങിയപ്പോൾ തന്റെ വീടിനു സമീപം ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് അവൻ ഒരു വീഡിയോ സന്ദേശം അയച്ചത് അവർ പ്രദർശിപ്പിച്ചിരുന്നു. വീഡിയോ കമന്റിലുണ്ട്. നിർബന്ധമായും കാണണം. ഇതുവരെ അവനെ പരിചയപ്പെടുത്തിയതെല്ലാം ആ വീഡിയോയിൽ നിന്നാണ്. അർത്ഥം അറിയാത്തവർക്കായി അവൻ പകർന്ന സന്ദേശത്തിന്റെ ചുരുക്കം കൂടി.
"ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ ഹബീബ്(സ) എടുത്തുപറഞ്ഞ രണഭൂമിയിൽ നിന്നാണ്. 'നിങ്ങൾക്ക് ഏറ്റവും സ്രേഷ്ടമായ സമരഭൂമിയാണ് അസ്ഖലാൻ' എന്നാണ് തിരുമൊഴി (ചരിത്രപരമായ ഗസ്സയുടെ ഭാഗമാണ് അധിനിവേശത്തിനു കീഴിലുള്ള അഷ്‌കലോൻ എന്നവർ വിളിക്കുന്ന അസ്ഖലാൻ). അതെ, ഗസ്സതുൽ ഇസ്സയിൽ (അഭിമാന ഗസ്സ) നിന്നാണ് ഞാൻ സംസാരിക്കുന്നത്.
സയണിസ്റ്റ് സന്തതികളുടെ തലകൾ ചവിട്ടിത്താഴ്ത്തിയ, അവരെ സീറോ പോയന്റിൽ നേരിട്ട് വകവരുത്തുന്ന യോദ്ധാക്കളുടെ ഗസ്സ.
നിലക്കാതെ നിണമൊലിക്കുമ്പോഴും നിർത്താതെ ചെറുക്കുന്ന ഗസ്സ.
ഈ ദീനിന്റെ മാർഗത്തിൽ സ്രേഷ്ടമനുഷ്യരെ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഗസ്സ. ആയിരങ്ങൾ റൂഹ് പോയ ശഹീദുകളായും പതിനായിരങ്ങൾ ജീവിക്കുന്ന ശഹീദുകളായും സമർപ്പിക്കുന്ന ഗസ്സ.
ഈ മാർഗത്തിൽ പതിറ്റാണ്ടുകളായി നേരിട്ട് കൊണ്ടിരിക്കുന്ന അസംഖ്യം ദുരിതങ്ങളെ നിഷ്പ്രഭമാക്കി അതികായരായ പോരാളികളെ തയ്യാറാക്കുന്ന ഗസ്സ.
ഭയവും തകർക്കലുകളും ഉപരോധവും വീർപ്പുമുട്ടിക്കുന്ന ഈ ഗസ്സയിൽ നിന്ന് ഹൃദയം നിറയെ സ്നേഹവുമായാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്...
2014ലെ യുദ്ധകാലത്ത് ഞാൻ ജനിച്ചത് വീടിനു പുറത്ത് അഭയാർത്ഥി ക്യാമ്പിൽ. ശഹീദുകളും മുറിവേറ്റവരും അങ്ങുമിങ്ങും കിടക്കുന്നതിനിടയിലാണ് ഈ ഭൂമിയിലേക്ക് എന്റെ വരവ്. വളരേ പ്രയാസകരമായി നാം കാണുന്ന ഇത്തരം ഘട്ടങ്ങളിലായിരിക്കുമല്ലോ അല്ലാഹു ഖൈർ നിശ്ചയിച്ചിരിക്കുന്നത്...
ഞാൻ വിജ്ഞാനത്തിന്റെയും ദഅവയുടെയും പാതയിലാണ്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചും ഖുദ്‌സിന്റെ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചും ഞാൻ എന്നെക്കൊണ്ടാവുന്നത് ചെയ്യുന്നു. ഈ ഉമ്മത്തിന് ഞാൻ ഉപയോഗപ്പെടണമെന്നാണെന്റെ തേട്ടം...
എന്നോടും മുഴുവൻ മുസ്‌ലിം ചെറുപ്പങ്ങളോടും ചില കാര്യങ്ങൾ ഉണർത്തണമെന്ന് തോന്നുന്നു.
അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെ പിടിക്കണം. റസൂലിന്റെ പാതയിൽ സഞ്ചരിക്കണം.
ഫലസ്തീന് മേൽ നിങ്ങളുടെയെല്ലാം കണ്ണുകൾ പതിയണം. ഫലസ്തീന്റെ ചരിത്രം നിങ്ങൾ പഠിക്കണം, പഠിപ്പിക്കണം.
ഫലസ്തീൻ ലോകമുസ്‌ലിം ഉമ്മത്തിന്റെ പ്രശ്നമാണെന്ന്, നമ്മുടെ ആദ്യ ഖിബ്‌ലയുടെ പ്രശ്നമാണെന്ന് തിരിച്ചറിയണം.
ഈ പുണ്യഭൂമിയുടെ സ്വാതന്ത്ര്യത്തിന് രാപകൽ തയ്യാറെടുക്കുന്ന സിംഹകുട്ടികളുടെ നാടാണ് ഗസ്സയെന്ന് പഠിപ്പിക്കണം.
പോരാട്ടത്തിൽ വിശ്വാസികൾക്ക് വിജയം സുനിശ്ചിതമായ നാളുകളാണ് വരാനിരിക്കുന്നത്. ഈ മഹാ വിജയത്തിൽ നിങ്ങളുടെ സ്വന്തം അടയാളങ്ങൾ തീർക്കുക. 'അതെന്ന് സംഭവിക്കുമെന്ന നിന്നോട് ചോദിച്ചാല്‍ പറയുക, അതുടനെ സംഭവിച്ചേക്കാം'.
നിങ്ങളിൽ നിന്ന് ഈ ബഹുമതി നേരിട്ട് വാങ്ങിക്കുവാൻ എനിക്ക് സാധിച്ചില്ല. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളിൽ നിന്ന് ഈ ബഹുമതി ഖുദ്‌സിന്റെ കവാടത്തിൽ ഏറ്റുവാങ്ങണമെന്നാണ്. വിജയത്തിന്റെ ഫതഹ് നമസ്കാരം നിർവഹിച്ചു നിങ്ങളിൽ നിന്ന് ആ ബഹുമതി ഏറ്റുവാങ്ങുന്ന നാളിനായി ഞാൻ കാത്തിരിക്കും. ഡോ മുഹമ്മദ് അൽഇവദിയിൽ (കുവൈറ്റിലെ അറിയപ്പെടുന്ന ദാഇ) നിന്ന് ബൈതുൽ മഖ്ദിസിന്റെ കവാടത്തിൽ നിന്നത് സ്വീകരിക്കണം. നാമെല്ലാം അവിടെ സന്ധിക്കണം. അല്ലാഹുവിനെ സംബന്ധിച്ച് അതെത്രയോ നിഷ്പ്രയാസമാണല്ലോ.
നിങ്ങൾ കാണുന്നത് പോലെ ഞാൻ ഈ വീഡിയോ ചെയ്യുന്നത് തകർന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് മദ്ധ്യേയാണ്. ഇതാണ് ഞങ്ങൾ ഗസ്സയിൽ ജീവിക്കുന്ന നിമിഷങ്ങൾ. നോക്കൂ, ഞങ്ങൾ ഗസ്സയിലെ കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്. ലോകത്തെ മറ്റു കുട്ടികൾ വളരുന്ന സുന്ദരാവസ്ഥകൾ ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. എപ്പോഴും ബോംബിങ്. ഏതുസമയവും ഏതെങ്കിലും പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ. ഈ തകർന്നുകിടക്കുന്ന വീട് എന്റെ വീടിൽ നിന്ന് വെറും 20 മീറ്റർ അകലെയാണ്.
ഞാനിപ്പോൾ ഈ വീഡിയോ ചെയ്തു കൊണ്ടിരിക്കെ സയണിസ്റ്റുകൾ ഞങ്ങൾക്ക് മുകളിൽ ഒരു ബോംബ് കൊണ്ടിട്ടേക്കും. അങ്ങിനെ അല്ലാഹു ഞങ്ങളെ ശഹീദുകളായി തിരഞ്ഞെടുത്തേക്കും.
നിങ്ങൾ സ്‌ക്രീനുകളിൽ കാണുന്ന പോലെ അധിനിവേശ ശത്രുവിന് വലിപ്പച്ചെറുപ്പമില്ല. കൊന്നു തീർക്കണം. മനുഷ്യത്വം എന്തെന്ന് അറിയില്ലെന്ന് മാത്രമല്ല, അവരുടെ മിക്ക ടാർഗെറ്റുകളും ഞങ്ങൾ കുട്ടികളാണ്. എന്തിനാണ് ഞങ്ങളോടീ കൊടുംക്രൂരത?
പക്ഷെ, ഞങ്ങൾ ഗസ്സയിലെ മനുഷ്യർ അനുഭവിക്കുന്ന എല്ലാ കൊടിയ സാഹചര്യങ്ങളെയും ഞങ്ങള്‍ അതിജീവിക്കും. ഈ സന്ദേശങ്ങൾ പകർന്നു കൊണ്ടിരിക്കും. നിരന്തരം ബോംബിങ്ങിലും തകർക്കലിലും ഉപരോധത്തിലും കഴിയുന്ന ഞങ്ങൾ ഗസ്സയിലുളളവർക്ക് വേണ്ടി ദുആ ചെയ്യണേ.. വസ്സലാം. "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ