അക്കാലത്തെ പ്രഗൽഭരായ മഹാന്മാരുടെ കീഴിലെ ദര്‍സ് പഠനം ശൈഖ് ഇബ്രാഹിം മുസ്‍ലിയാരെ വലിയ പണ്ഡിതനും ജ്ഞാനോല്സുകനുമാക്കി മാറ്റി. *പ്രമുഖ നിരവധി ത്വരീഖത്തുകളുടെ ശൈഖും സൂഫിയും, ഇസ്ലാമിക പണ്ഡിതനും ഖാസിയും വിശിഷ്യാ,സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ആലി മുസ്‍ലിയാരുടെ (ഖ:സി ) പ്രധാന ശിഷ്യത്വം അദ്ദേഹത്തിന്റെ അറിവിന്റെയും കാഴ്ചപ്പാടിന്റെയും തിളക്കം വര്‍ധിപ്പിച്ചു.* സാധാരണ പഠിതാക്കളില്‍ നിന്ന് ഭിന്നമായി കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള, സാമൂഹിക നിര്‍മ്മിതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു ക്രിയാത്മക പണ്ഡിതനായി അദ്ദേഹം വളര്‍ന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ഗോളശാസ്ത്രം, ഭാഷാശാസ്ത്രം, തര്‍ക്കശാസ്ത്രം സൂഫിസം, ചരിത്രം, വൈദ്യം തുടങ്ങിയ പല മേഖലകളിലും അവഗാഹം നേടി.
1921 മലബാർ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് കിടങ്ങയം ശൈഖ് ഇബ്രാഹിം മൗലാന നടത്തിയ ഖിലാഫത്ത് പ്രഭാഷണം സമരഭടന്മാരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇത് മണത്തറിഞ്ഞ ബ്രിട്ടീഷ് പട്ടാളം ശൈഖ് അവറുകളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടപ്പോള്‍ അവർക്ക് പിടികൊടുക്കാതെ മൈസൂര്‍ വഴി കല്യാണിലേക്ക് പലായനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൈഖിന്റെ ജീവിതത്തിലെ സക്രിയ കാലഘട്ടമായിരുന്നു തന്റെ 12 വര്‍ഷത്തെ ഒളിവിലെ ജീവിതം. ഒരു പണ്ഡിതന്‍ എന്ന നിലക്ക് ഈ കാലഘട്ടത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പ്രവാസത്തിലൂടെ തനിക്ക് കൈവന്ന വിജ്ഞാന സാധ്യതകളെ വലിയൊരു അനുഗ്രഹമായി അദ്ദേഹം തിരിച്ചറിഞ്ഞു. നിരവധി പണ്ഡിത കുലപതികളെയും, ആരിഫീങ്ങളെയും, സൂഫിയാക്കളെയും അദ്ദേഹം കണ്ടുമുട്ടി അന്നുണ്ടായിരുന്ന ധാരാളം ഹകീമുമാരെ (വൈദ്യര്‍) യും ശൈഖന്മാരെയും നേരിട്ട് സമീപിച്ച് അവരില്‍ നിന്ന് നിരവധി ഇജാസത്തുകളും അറിവുകളും സമ്പാദിച്ചു. ഒട്ടനവധി മഹാത്മാക്കളുടെ ആശീർവാദങ്ങൾ ഏറ്റ് വാങ്ങി. *അറബി സാഹിത്യത്തിലുള്ള അവകാഹങ്ങൾക്ക് പുറമേ പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ്, ഗുജറാതി, മറാട്ടി, തെലുങ്ക്, കന്നട, തമിഴ്, കൊങ്കിണി, സംസ്കൃതം തുടങ്ങി പതിനെട്ടോളം ഭാഷകള്‍ സ്വായത്തമാക്കി*
ചില കനപ്പെട്ട രചനകള്‍ക്ക് സമൂഹത്തിന്റെ ഭൗതിക നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കിടങ്ങയം ശൈഖ് ഇബ്റാഹീം മുസ്‍ലിയാരുടെ രചനകള്‍. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി ആത്മീയവും വൈജ്ഞാനികവും ചരിത്രപരവുമായ നിര്‍മിതിക്ക് അത്യാവശ്യമായ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. അൻപത്തിയഞ്ച് വയസ്സ് മാത്രം ജീവിച്ച അദ്ദേഹം ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചെങ്കിലും പലതും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
1. മലബാര്‍ ചരിത്രം ഒന്നാം ഖണ്ഡം: ഈ കൃതി മലബാറിന്റെ ഇന്നലകളെ കുറിച്ച് വെളിച്ചം വീശുന്നതാണ്.
2. തുഹ്ഫതുല്‍ മുശ്താഖീന്‍: കേരളീയര്‍ക്ക് സുപരിചിതമായ മൻഖൂസ് മൗലിദിന്റെ ആഴങ്ങളിലേക്കിറങ്ങി ചരിത്രം, ഭാഷാശാസ്ത്രം, അറബി ഗ്രാമര്‍ തുടങ്ങി പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന അറബീഗ്രന്ഥം.
3. തുഹ്ഫതുല്‍ അലിഫ്: അല്ലഫല്‍ അലിഫിന്റെ വ്യാഖ്യാനം. ആത്മജ്ഞാനത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്ന ഈ ഗ്രന്ഥം അറബീ ഭാഷാജ്ഞാനികള്‍ക്ക് നല്ല അനുഭൂതിയുണ്ടാക്കുന്നതാണ്.
4. മൗലിദുശറഹിസ്സ്വദ്ര്‍: ബദ്‍രീങ്ങളുടെ മഹത്വവും ചരിത്രത്തില്‍ അവര്‍ അടയാളപ്പെടുത്തിയതും പറയുന്ന ഗ്രന്ഥം.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് രചനകൾ ഇബ്രാഹിം ശൈഖിന്റെ തൂലികയിൽ നിന്ന് നിർഗളിച്ചിട്ടുണ്ട്.
അല്ലാഹു അവിടുത്തെ ദറജ ഉയർത്തുമാറാകട്ടെ മഹാനവർകളോടൊപ്പവുംഅവിടുത്തെ മുരീദും പ്രധാന ശിഷ്യനും നമ്മളുടെ വഴികാട്ടിയുമായ ശൈഖുനാ തഴവാ ഉസ്താദിനോടൊപ്പവും നാളെ സ്വർഗ്ഗലോകത്ത് സംഗമിക്കുവാൻ നമുക്ക് ഏവർക്കും അള്ളാഹു സൗഭാഗ്യം തരുമാറാകട്ടെ.ആമീൻ കഴിയുന്നവർ ഒരു ഫാത്തിഹയോ യാസീൻ സൂറത്തേ ഓതി ഹദിയാ ചെയ്യുമല്ലോ ഇൻഷാ അള്ളാ അള്ളാഹു സ്വീകരിക്കുമാറാകട്ടെ..
_കുമ്മനം അസ്ഹരി_
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ