2023 നവംബർ 15, ബുധനാഴ്‌ച

കോട്ടക്കര ഉസ്താദ് (ന:മ)


കൊല്ലം ജില്ലക്ക് അഭിമാനമായ പണ്ഡിത വരേണ്യരിൽ പ്രമുഖനായിരുന്നു ബഹുവന്ദ്യരായ കോട്ടക്കര ഇബ്രാഹീം കുട്ടി മുസ്ലിയാർ (ന:മ). അബ്ദുർ റഹ്മാന്‍, ഫാത്തിമ കുഞ്ഞ് എന്നിവരുടെ മകനായി 1908-ൽ കാഞ്ഞിപ്പുഴയിലാണ് ഉസ്താദിന്റെ ജനനം.

ഓച്ചിറ പൈനുംമൂട്ടിൽ ഫാത്തിമ കുഞ്ഞാണ് ജീവിത സഖി. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം എട്ട് സന്താനങ്ങൾ ആ ദാമ്പത്യവല്ലരിയിൽ പിറന്നു. അതില്‍ മൂന്ന് പേര്‍ പണ്ഡിതരായി. അല്ലാഹുവിന്റെ അലംഘനീയമായ വിധിയാൽ നാലു പേര്‍ മരണമടഞ്ഞു.

മഹാനായ ശൈഖുൽ അസാതീദ് മൂപ്പർ മുസ്ലിയാരാണ് ഉസ്താദിന്റെ പ്രധാന ഗുരുനാഥനും വഴികാട്ടിയും എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹമുണ്ടായിരുന്ന കോട്ടക്കര ഉസ്താദവറുകൾ ഫിഖ്ഹിലും നഹ് വിലും അഗാധ പാണ്ഡിത്യം നേടിയിരുന്നു.

കാഞ്ഞിപ്പുഴ, വളവുപച്ച, കണിയാപുരം, കായംകുളം, കറ്റാനം, ചിറ്റുമൂല എന്നിവിടങ്ങളില്‍ ഉസ്താദ് അവറുകൾക് ദർസ് നടത്തിയിട്ടുണ്ട്.

ബഹുമുഖ തലങ്ങളില്‍ തന്റെ ശിഷ്യന്‍മാര്‍ പ്രാപ്തരും കഴിവുള്ളവരുമായിത്തീരണമെന്ന് ആഗ്രഹിക്കുകയും അതിനാല്‍ അത്യധികം യത്നിക്കുകയും ചെയ്യുമായിരുന്നു, ഒപ്പം അല്ലാഹുവിന്റെ സംതൃപ്തിക്കു വേണ്ടി പഠിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നിരന്തരം നൽകുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.

പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, വാക്കേൽ അബ്ദുൽ കരീം മുസ്ലിയാർ, ആലംകോട് സൈനുദ്ധീൻ മുസ്ലിയാർ, മഖ്ദൂമിയ്യ ദഅവാ കോളേജ് അക്കാദമിക് ഹെഡ് ആയിരുന്ന മർഹൂം പെരിങ്ങമല യൂസുഫ് സാർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസ്തഫാ മുസ്ലിയാർ തുടങ്ങി ധാരാളം ശിഷ്യ ഗണങ്ങളെ ദീനി ദഅവാ രംഗത്ത് ഉസ്താദ് സംഭാവന ചെയ്തു.

ആകർഷണീയമായ പെരുമാറ്റം, സൂക്ഷ്മത നിലനിര്‍ത്തിയ ഇടപാടുകൾ, ലാളിത്യ ജീവിതം, വിനയാന്വിതനായ സ്വഭാവം, ദീനി വിഷയങ്ങളിലെ കണിശത എന്നിങ്ങനെ ഉഹ്റവിയായ ആലിമിന്റെ ലക്ഷണങ്ങളൊത്തിണങ്ങിയ മഹാനുഭാവനായിരുന്നു കോട്ടക്കര ഉസ്താദ്.

അറബി കവിത രചനയിൽ അഗ്രഗണ്യനായിരുന്നു ഉസ്താദ്, അതുപോലെ നിരവധി അറബി രചനകള്‍ ഉസ്താദ് നിര്‍വ്വഹിച്ചിട്ടുണ്ട്. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളായ മുതഫർരിദ്, നൂറുൽ അബ്സാർ ഇവയുടെ സംക്ഷിപ്തമായി അൽ ഇനാറ എന്ന ഗ്രന്ഥവും, അൽ ജലീലാനി എന്ന കിതാബും, ബദ് രീങ്ങൾ, കരുനാഗപ്പള്ളി ശൈഖ് ഹസനുബ്നു അലീ(റ), ശഹീദാർ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങൾ ഇവരെ കുറിച്ചുള്ള മൗലിദുകൾ ഉദാഹരണങ്ങളാണ്.

വളവുപച്ചയിലെ സിറാജുൽ ഇസ്ലാം അറബിക് കോളേജിന്റെ സ്ഥാപകന്‍ ഉസ്താദവറുളാണ്.

ദീനി വിഷയത്തിലുള്ള ജാഗ്രതയെ ദ്യോതിപ്പിക്കുന്ന തിയറ്റര്‍ സംഭവം സുപ്രസിദ്ധമാണ്. വളവുപച്ചയുടെ ആത്മീയ ചൈതന്യം നശിപ്പിക്കാന്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുന്നുവെന്ന് കേട്ടപാടെ ഉസ്താദ് മുതഅല്ലിമീങ്ങളെ ഒരുമിച്ച് കൂട്ടി അത് തുടങ്ങാതെ ഇരിക്കാൻ ആത്മാര്‍ത്ഥമായി ദുആ ചെയ്തു ഉദ്ഘാടന ദിവസം തന്നെ ആ പ്രാർത്ഥനക്ക് ഫലം കണ്ടു പ്രദര്‍ശനത്തിന് ഒരുങ്ങവെ വലിയ ഒരു പൊട്ടി തെറിയോടു കൂടെ ആ തിയറ്റര്‍ അന്ന്‌ തന്നെ അവസാനിക്കുകയും ചെയ്തു.

ഹിജ്റ 1389 ജമാദുൽ അവ്വൽ 1 (16/07/1969) ന് ഉസ്താദ് ഈ ലോകത്തോട് വിട പറഞ്ഞു, വിട പറയുമ്പോള്‍ 63 വയസ്സ് ആയിരുന്നു പ്രായം. 

അവസാനമായി സേവനമനുഷ്ഠിച്ച കരുനാഗപ്പള്ളി ചിറ്റുമൂല ജുമുഅത്ത് പള്ളിക്ക് സമീപം ഉസ്താദവറുകൾ അന്ത്യ വിശ്രമം കൊള്ളുന്നു.. 

അല്ലാഹു അവിടുത്തെ ദറജ ഉയർത്തി കൊടുക്കട്ടെ.. അവിടുത്തെ ബറകത്ത് കൊണ്ട്‌ നമ്മുടെ ജീവിതം റബ്ബിന്റെ തൃപ്തിയിലും പൊരുത്തത്തിലുമായി ഹൈറിലും സന്തോഷത്തിലും ആക്കുമാറാകട്ടെ.. 

അവലംബം:

 *കൊല്ലം ഖാദിസ്സിയ്യ ജൗഹറുൽ ഉലൂം സമ്മേളന സുവനീർ*

 _മർഹൂം പെരിങ്ങമല യൂസുഫ് സാർ_

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...