2023 നവംബർ 13, തിങ്കളാഴ്‌ച

ശൈഖുനാ പാവല്ല പി. അബ്ദുൽ സത്താർ മൗലവി (ന:മ) പണ്ഡിത ലോകത്തെ ഉജ്ജ്വല പ്രതിഭ

തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനും നിരവധി പണ്ഡിത മഹത്തുക്കളുടെ ഗുരുവര്യരും മഹത്തായ അഹ്‌ലു സ്സുന്നത്തി വൽ ജമാഅത്തിന്റെ കരുത്തുറ്റ നേതൃത്വവുമായിരുന്നു ഉസ്താദുൽ അസാതീദ് ശൈഖുനാ പാവല്ല പി. അബദുൽ സത്താർ മൗലവി (ന:മ). 1938 ഏപ്രിൽ 17 ന് ചിറയിൻകീഴ് താലൂക്കിലെ കല്ലമ്പലം പുതുശ്ശേരിമുക്കിൽ ഈരാണിക്കോണത്ത് വട്ടക്കൈത വീട്ടിൽ ജനാബ് ഫഖീർ മുഹമ്മദ് അവർകളുടെയും സാറാ ഉമ്മായുടെയും മകനായി ജനനം.
          സ്കൂളിലെ ബാല്യകാല വിദ്യാഭ്യാസത്തിനൊപ്പെം കാട്ടുച്ചന്ത, പാവല്ല, കുടവൂർ എന്നീ സ്ഥലങ്ങളിലെ മദ്‌റസകളിൽ പ്രാഥമിക മത വിദ്യാഭ്യാസം നടത്തി. DKIMV ബോർഡ് മുഫതിഷ് ആയിരുന്ന മർഹൂം യു.എം.ഹനീഫ മൗലവി (ന:മ) ഉസ്താദവർകൾ മദ്റസ പഠന കാലഘട്ടത്തിലെ ഗുരുനാഥന്മാരിൽ പ്രധാനി ആയിരുന്നു. കാട്ടുച്ചന്ത മടന്തപ്പച്ച മർഹൂം എ. അലിയാര് കുഞ്ഞ് മൗലവി (ന:മ) ഉസ്താദവകൾ ബാല്യകാലം മുതൽ ശൈഖുനാ അവർകളുടെ സതീർത്ഥ്യനാണ്. സ്കൂൾ തലത്തിൽ അപ്പർ പ്രൈമറിയും പ്രാഥമിക മദ്റസാ വിദ്യാഭ്യാസവും പൂർത്തിയാക്കി സുഹൃത്തുക്കളായ ഇരുവരും കൂടിയാലോചിച്ച് തീരുമാനിച്ചതനുസരിച്ച് കൊല്ലം കിളിക്കൊല്ലൂർ വലിയ പള്ളി ദറസിൽ ചേർന്ന് ദർസ് പഠനം ആരംഭിച്ചു. അതിന് ശേഷം ഈരാറ്റുപേട്ട, ആലുവ കുഞ്ഞുണ്ണിക്കര, പരപ്പനങ്ങാടി , പൊടിയാട് , ആലത്തൂർ പാടം, കോട്ടാങ്കൽ, ചാലിയം തുടങ്ങിയ പ്രസിദ്ധമായ പള്ളി ദറസ്സുകളിൽ 13 വർഷക്കാലം നീണ്ട് നിന്ന ദറസ് പഠനം. വിവിധ വിജ്ഞാന ശാഖകളിൽ ഓരോന്നിലും പ്രത്യേകം കഴിവുള്ള ഗുരുനാഥന്മാരെ കണ്ടെത്തി പഠിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയും അതിനായി മേൽ പറയപ്പെട്ട ദറസുകളിൽ മാറിത്താമസിക്കുകയും ചെയ്തു. ബഹ്റുൽ ഉലൂം ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ (ന:മ) , മുസ്തഫ ആലിം സാഹിബ് (ന:മ) , അരൂർ മുഹമ്മദ് മുസ്‌ലിയാർ(ന:മ) , കുട്ടി മുസ്ലിയാർ(ന:മ) , തുടങ്ങിയ പ്രഗത്ഭരായ പണ്ഡിതന്മാർ ഈ കാലയളവിൽ ശൈഖുനായുടെ ഗുരു നാഥന്മാരിൽ ചിലരാണ്. ഉസ്താദുമാരുടെ പൂർണ്ണ സംതൃപ്തി സമ്പാദിക്കാൻ വിദ്യാഭ്യാസ കാലത്ത് മഹാനവർകൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....

പ്രസിദ്ധമായ ചാലിയം ദറസിൽ നിന്നും ഉപരിപഠനാർത്ഥം 1965 ൽ തെന്നിന്ത്യയിലെ പ്രസിദ്ധ ദീനി കലാലയം ഉമ്മുൽ മദാരിസ് വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളജിലേക്ക് പോവുകയും അവിടെ നിന്ന് MFB ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കാട്ടുചന്ത എ.അലിയാര് കുഞ്ഞ് മൗലവി ഉസ്താദുമായി പല ദറസുകളിലും ഒന്നിച്ചും വേർപിരിഞ്ഞും ഓതി താമസിച്ചിരുന്നെങ്കിലും ബാഖിയാത്തിൽ നിന്നും ബിരുദം കരസ്ഥമാക്കി പിരിഞ്ഞത് ഒരുമിച്ചായിരുന്നു..

ശൈഖുനാ അവർകളുടെ വിദ്യാഭ്യാസ മേഖല അധികവും മലബാറിലായിരുന്നതിനാൽ ദക്ഷിണ കേരളത്തിൽ സുഹൃത്തുകളും നന്നേ പരിമിതമായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പളുമായ നൂറുൽ ഉലമ ശൈഖുനാ കെ.പി അബൂബക്കർ ഹസ്രത്ത് ഉസ്താദവർകളും ശൈഖുനായും ആലുവ കുഞ്ഞുണ്ണിക്കര ദറസിൽ സഹപാഠികളായിരുന്നു...
ഉപരി പഠന ശേഷം മടങ്ങിയെത്തിയ ശൈഖുനാ വർക്കല ചിലക്കൂർ മുസ്‌ലിം ജമാഅത്തിൽ ഇമാമും മുദരിസുമായി സേവനമാരംഭിച്ചു. അവിടെ നിന്നും പനവൂർ മുസ്‌ലിം ജമാഅത്തിൽ മുദരിസായി പോവുകയും ഏകദേശം 8 വർഷക്കാലം പ്രശംസനീയമായ നിലയിൽ അവിടെ ദറസ് നടത്തുകയും ചെയ്തു. തുടർന്ന് കടുവയിൽ , മൂവാറ്റുപുഴ, പാവല്ല, കന്യാകുളങ്ങര എന്നീ സ്ഥലങ്ങളിലും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ദറസ് നടത്തിയിട്ടുണ്ട്. ദീനിന്റെ വിധിവിലക്കുകൾ തുറന്ന് പറയുന്നതിന് ആരുടെയും അപ്രീയം തടസ്സമായിരുന്നില്ല. 
മഹത്തായ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരിൽ വരുന്ന ശബ്ദങ്ങൾക്കെതിരെ സുന്നത്ത് ജമാഅത്തിന്റെ കാവൽ ഭടനായി ശൈഖുനാ അവർകൾ നിലകൊണ്ടു. 

മഹാനവർകളുടെ വിദ്യാഭ്യാസ കാലമേറെയും വടക്കൻ കേരളത്തിലായിരുന്നെങ്കിലും വിദ്യാഭ്യാസാനന്തര പ്രവർത്തന മേഖല തെക്കൻ കേരളത്തിലായിരുന്നു...ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി, DKIMV ബോർഡ് ഉപാദ്ധ്യക്ഷൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ്‌ , ചിറയിൻകീഴ് ജംഇയ്യത്തുൽ ഖുതബാഇ വൽ മുദരിസീൻ മുഫ്തി, നാവായിക്കുളം മേഖല ലജ്നത്തുൽ മുഅല്ലിമീൻ ഉപദേഷ്ടാവ്, വാളക്കാട് ജാമിഉൽ ഖൈറാത്ത് ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ ഉസ്താദവർകൾ ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു.

വാളക്കാട് ജാമിഉൽ വൈറാത്ത്,മണനാക്ക് അൽ ബുർഹാൻ എന്നീ സ്ഥാപനങ്ങളുടെ കാര്യദർശിയായിരുന്ന ശൈഖുനൽ മർഹൂം ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി (ന:മ), ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പള്ളിക്കൽ കെ.എച്ച് ശറഫുദ്ദീൻ മൗലവി, വർക്കല ഓടയം മുദരിസ് സംബ്രമം മുഹമ്മദ് സലീം മൗലവി MFB തുടങ്ങിയവർ ശൈഖുനായുടെ ശിഷ്യന്മാരിൽ ചിലരാണ്.

ശിഷ്യന്മാരോട് ഉസ്താദവർകളുടെ സമീപനം ഒരു പ്രത്യേകത തന്നെയായിരുന്നു. ശിഷ്യന്മാരിൽ ആരെയും പേര് വിളിച്ച് സംബോധന ചെയ്യുമായിരുന്നില്ല.. സ്ഥലനാമങ്ങൾ കൊണ്ട് സംബോധന ചെയ്യലായിരുന്നു ശൈലി. ശിഷ്യന്മാരുടെ ന്യൂനതകളും ദു:സ്വഭാവങ്ങളും അവർ അറിയാതെ തന്നെ സൂക്ഷ്മ നിരീക്ഷണം നടത്തുമായിരുന്നു. ശ്രദ്ധയിൽ പെടുന്ന കാര്യങ്ങളെ കുറിച്ച് ആരോടും ചോദിക്കുകയോ ശകാരിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ പാഠം എടുക്കുന്ന വേളയിൽ പാഠഭാഗത്തിന്റെ വിശദീകരണത്തിൽ ഉൾപ്പെടുത്തി തെറ്റുകാരന് മാത്രം ഇത് എന്നയല്ലേ എന്ന് തോന്നിപ്പിക്കും വിധം ബ്രയിൻ വാഷ് ചെയ്ത് ദു:സ്വഭാങ്ങിൽ നിന്നും സ്വയം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന സമീപനം ആയിരുന്നു മഹാനവർകളുടേത്...

മഹാനവർകളുടെ ലളിതമായ ജീവിത രീതി ആരെയും ചിന്തിപ്പിക്കുന്നതായിരുന്നു. ദറസിൽ ഭക്ഷണം കഴിക്കുന്നതിനാവശ്യമായ പാത്രങ്ങൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും സ്വന്തമായി കഴുകി വൃത്തിയാക്കൽ പതിവ് ശൈലിയായിരുന്നു. വിദ്യാർത്ഥികൾക്കൊന്നും അതിനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. വസ്ത്രങ്ങളും സ്വന്തമായി തന്നെ കഴുകി ഇസ്തിരിയിടാതെ ഉപയോഗിക്കലായിരുന്നു പതിവ്.അങ്ങനെ ലളിത ജീവിതം നയിച്ച് ദീനി വിജ്ഞാന പ്രസരണത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരുന്നു. അതിനിടക്ക് ജന്മനാ തന്നെ യതാസ്ഥാനത്ത് നിന്നും മാറി സ്ഥിതി ചെയ്തിരുന്ന വൃക്കയുടെ പ്രവർത്തനം കലശമാവുകയും. അതിനായി നിരന്തം ഡോക്ടറെ കണ്ട് ചികിത്സ തുടർന്ന് കൊണ്ടേയിരുന്നു. പല തവണ ചികിത്സക്കായി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ 1986 ജനുവരി പത്താം തീയതി വെള്ളിയാഴ്ച ജുംഅക്ക് ശേഷം രോഗം മൂർച്ഛിക്കുകയും എനിക്ക് വീട്ടിൽ പോകണം എനിക്ക് എന്റെ വീട്ടിൽ വെച്ച് മരിക്കണമെന്ന് ആഗ്രഹം പറയുകയും അതിന്റെയൊക്കെ അടിസ്ഥാനത്തിൽ അന്ന് വൈകുന്നേരത്തോടെ ഉസ്താദവർകളെ വീട്ടിൽ കൊണ്ട് വന്നു. മഹാനവർകളുടെ വേർപാട് ഉറപ്പായ സാഹചര്യത്തിൽ അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാനും റേഡിയോയിൽ വാർത്ത ക്കൊടുക്കുവാനും മറ്റും ശിഷ്യന്മാരും സുഹൃത്തുകളും വേണ്ട ഏർപ്പാടുകൾ ചെയ്തു. വീട്ടിൽ എത്തിയത് മുതൽ ഉലമാക്കളുടെയും സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും നിബിഢമായ സദസ്സ്, ഖുർആൻ പാരായണത്തിലും ദിഖ്റുകളിലുമായി ആകാംക്ഷാ ഭരിതമായ മണിക്കൂറുകൾ ശോകമൂകമായി തള്ളി നീക്കിക്കൊണ്ടിരുന്നു. വീട്ടിലെത്തി രണ്ട്‌ ദിവസം കഴിഞ്ഞ് ജനുവരി 12 ഞായറാഴ്ച(റബീഉൽ ആഖിർ 30) ഉച്ചക്ക് മദ്ധ്യാന സമയത്ത് ഉലമാക്കളാലും സുഹൃത്തുകളാലും ശിഷ്യന്മാരാലും വലയം ചെയ്ത് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്ന നിറഞ്ഞ സദസ്സിൽ മദ്ധ്യത്തിലുള്ള കട്ടിലിൽ കിടന്ന് കലിമത്തു തൗഹീദ് പല തവണ ആവർത്തിച്ച് ചൊല്ലി ഉസ്താദാവർകൾ ഈ ലോകത്ത് നിന്നും യാത്രയായി - പടച്ച റബ്ബിന്റെ റഹ്മത്തിലേക്ക് നീങ്ങി.... ഇന്നാലില്ലാഹി...... 

മയ്യിത്ത് പരിപാലനത്തിന് ശേഷം പാവല്ല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ജനാസ എത്തിക്കുകയും ഉസ്താദവർകളുടെ ബാല്യകാലം മുതലുള്ള ആത്മ മിത്രമായിരുന്ന മടന്തപ്പച്ച അലിയാര് കുഞ്ഞ് മൗലവി അവർകൾ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. മഗ്‌രിബ് നിസ്കാരത്തിന് ബാങ്കൊലി മുഴങ്ങുമ്പോൾ മഹാനവർകളുടെ മയ്യിത്ത് സ്വന്തം ആഗ്രഹപ്രകാരം പാവല്ല ജമാഅത്തിന്റെ മുന്നിൽ തയ്യാർ ചെയ്യപ്പെട്ട ഖബറിലേക്ക് ഇറങ്ങുകയായിരുന്നു. ആത്മ സുഹൃത്തും സഹപാഠിയുമായിരുന്ന കൊച്ചാലുംമൂട് അബ്ദുൽ മുത്വലിബ് മൗലവി (ന:മ) യുടെ തൽഖീനും ആത്മ മിത്രങ്ങളായി കഴിയുകയും ആശയ വിനിമയം നടത്തുകയും ചെയ്തു വന്നിരുന്ന പാവല്ല മുദരിസ് ശൈഖുനാ പി.എം സൈദ് മുഹമ്മദ് മൗലവി (പാവല്ല ഉസ്താദ് ) അവർകളുടെ ദുആയോടും കൂടി മഹാനവർകളുടെ ഖബറടക്കം പൂർത്തിയായി. അല്ലാഹു ആ ഖബർ സ്വർഗ്ഗീയ പൂന്തോപ്പാക്കട്ടെ...

 
അല്ലാഹു മഹാനവർകളുടെ പാരത്രിക പദവികൾ ഉയർത്തുകയും അവരെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളോടൊപ്പം ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...